2031ൽ ‘തല’ തമിഴ്നാട് മുഖ്യമന്ത്രി? അജിത്തിനായി പുതിയ രാഷ്ട്രീയ പാർട്ടി; ആരാധകർ രംഗത്ത്!

ചെന്നൈ: നടൻ അജിത് കുമാറിനെ 2031ലെ തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് ആരാധകരുടെ നേതൃത്വത്തിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു. ‘അനൈത്ത് നൺപർകൾ മുന്നേറ്റ കഴകം’എന്നാണ് ആരാധകർ പാർട്ടിക്ക് നൽകിയിരിക്കുന്ന പേര്. തമിഴ്നാട്ടിലെ വിവിധ ജില്ലകളിൽ ആരാധകർ തന്നെ യോഗങ്ങൾ സംഘടിപ്പിച്ചാണ് പാർട്ടി പ്രഖ്യാപനം നടത്തിയത്. അജിത്തിന്റെ ചിത്രങ്ങളുള്ള ബാനറുകളും പാർട്ടി പതാകയും യോഗത്തിൽ പ്രദർശിപ്പിച്ചു.
പുതിയ പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായി കാറാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അജിത്തിനെ തമിഴ്നാട് മുഖ്യമന്ത്രിയാക്കുകയാണ് ലക്ഷ്യമെന്ന് ആരാധക സംഘടനാ ഭാരവാഹികൾ വ്യക്തമാക്കി. 2031ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതെന്നും പ്രവർത്തകർ പറഞ്ഞു. ജനക്ഷേമ പ്രവർത്തനങ്ങൾ ഉൾപ്പെടെ സാമൂഹിക ഇടപെടലുകൾ ശക്തമാക്കാനാണ് പ്രവർത്തകരുടെ നീക്കം.
കൂടുതൽ ജില്ലകളിലേയ്ക്ക് സംഘടനയുടെ പ്രവർത്തനം വ്യാപിപ്പിക്കാനും ഭാരവാഹികൾ പദ്ധതിയിടുന്നുണ്ടെന്നാണ് സൂചന. അജിത് കുമാറിനെ പാർട്ടിയുടെ നേതൃസ്ഥാനത്തേയ്ക്ക് കൊണ്ടുവരാനാണ് ആരാധകർ ലക്ഷ്യമിടുന്നത്.എന്നാൽ പുതിയ രാഷ്ട്രീയ നീക്കവുമായി അജിത് കുമാറിന് യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങളും പ്രതിനിധികളും വ്യക്തമാക്കി.
രാഷ്ട്രീയത്തിൽ പ്രവേശിക്കാനോ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെ പിന്തുണയ്ക്കാനോ താൽപര്യമില്ലെന്ന നിലപാട് അജിത് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. അജിത്തിന്റെ അനുമതിയില്ലാതെയാണ് ആരാധകരുടെ കൂട്ടായ്മ രാഷ്ട്രീയ പരിപാടി സംഘടിപ്പിച്ചതെന്നും അദ്ദേഹത്തിന്റെ ചിത്രങ്ങളും റേസിംഗ് കാറുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും ഉപയോഗിച്ചതിനെക്കുറിച്ച് അജിത്തിനോ ബന്ധപ്പെട്ടവർക്കോ അറിവില്ലെന്നുമാണ് റിപ്പോർട്ട്.



