മാസപ്പടി കേസിൽ അന്വേഷണം; ‘ഒരു തെറ്റും ചെയ്തിട്ടില്ല, പൂർണ്ണ ആത്മവിശ്വാസമുണ്ട്’: പി.എ. മുഹമ്മദ് റിയാസ്

തിരുവനന്തപുരം: മാസപ്പടി കേസിൽ ഇ.ഡിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണത്തിനൊരുങ്ങുന്ന സർക്കാർ തീരുമാനത്തിൽ പ്രതികരണവുമായി പി.എ. മുഹമ്മദ് റിയാസ് രംഗത്ത്. അന്വേഷണത്തെക്കുറിച്ച് ടി.വിയിലൂടെയാണ് അറിഞ്ഞതെന്നും, ഒരു തരത്തിലുള്ള തെറ്റും ചെയ്തിട്ടില്ലാത്തതിനാൽ പൂർണ്ണ ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

ഇ.ഡി അന്വേഷണങ്ങളെയും നടപടികളെയും കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ മുൻകാലങ്ങളിൽ ശക്തമായി എതിർത്തിട്ടുള്ളതാണെന്ന് റിയാസ് ചൂണ്ടിക്കാട്ടി. എന്നാൽ കോൺഗ്രസ് നയിക്കുന്ന സംസ്ഥാന സർക്കാർ ഇ.ഡി. റിപ്പോർട്ട് വിശ്വാസത്തിലെടുത്ത് അന്വേഷണത്തിന് തീരുമാനമെടുത്തത് സമൂഹം ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയപരമായ കാര്യങ്ങൾ പാർട്ടി സെക്രട്ടറി വ്യക്തമാക്കുമെന്നും റിയാസ് കൂട്ടിച്ചേർത്തു.

വ്യാജ വാർത്തകളെയും ആരോപണങ്ങളെയും നിയമപരമായി നേരിടുമെന്നും തനിക്ക് ഒന്നും ഭയപ്പെടാനില്ലെന്നും അദ്ദേഹം ആവർത്തിച്ചു. കർണാടകയിലെ കോൺഗ്രസ് മന്ത്രിയുടെ വസതിയിൽ നടന്ന റെയ്ഡിനെതിരെ ഉൾപ്പെടെ കോൺഗ്രസ് നിലപാട് എടുത്തത് ചൂണ്ടിക്കാണിച്ച അദ്ദേഹം, കേസിന്റെ നിയമപരമായ വശങ്ങൾ വിദഗ്ധരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും വ്യക്തമാക്കി. ആളുകളെ ഭയപ്പെടുത്തിയാണ് ഇ.ഡി. മൊഴിയെടുത്തതെന്നും, ജീവിതത്തിൽ കണ്ടിട്ടില്ലാത്തവരെ വെച്ചുപോലും കഥകൾ മെനഞ്ഞുണ്ടാക്കിയിട്ടുണ്ടെന്നും മുഹമ്മദ് റിയാസ് ആരോപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button