മമ്മൂട്ടിയുടെ ‘ചങ്കുകൾ’ക്കൊപ്പം വീണ്ടും ഒത്തുകൂടൽ; എൽഎൽബി ബാച്ചിന്റെ 50-ാം വാർഷികത്തിൽ താരമായി സൂപ്പർതാരം

അരനൂറ്റാണ്ട് മുമ്പ് ലാ കോളേജിൽ തനിക്കൊപ്പം പഠിച്ചവരെ കാണാൻ മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടി എത്തി. എറണാകുളം ലാ കോളേജിലെ 1973-76 ബാച്ചിന്റെ സംഗമത്തിലാണ് അപ്രതീക്ഷിതമായി അദ്ദേഹമെത്തിയത്. രാമവർമ്മ ക്ലബ് ഹാളിൽ ഞായറാഴ്ചയായിരുന്നു ബാച്ചിന്റെ അമ്പതാം വാർഷിക സംഗമം. മുൻകൂട്ടി അറിയിക്കാതെയാണ് ഭാര്യ സുൽഫത്തിനൊപ്പം മമ്മൂട്ടി വന്നത്.
കൂട്ടുകാരുമായി സൗഹൃദം പുതുക്കാനും ഫോട്ടോയ്ക്ക് പോസ് ചെയ്യാനും അദ്ദേഹം സമയം കണ്ടെത്തി. കോളേജ് പഠനകാലം ഓർമ്മിച്ച് സംസാരിക്കുകയും ചെയ്തു. സ്വകാര്യ പരിപാടിയുടെ ദൃശ്യങ്ങൾ സുഹൃത്തുക്കൾ സമൂഹമാദ്ധ്യമങ്ങളിൽ പുറത്തുവിട്ടപ്പോഴാണ് പലരും അറിഞ്ഞത്. വീഡിയോദൃശ്യം പലരും പങ്കിട്ടതോടെ വൈറലുമായി.എൽഎൽബി ബിരുദം നേടി രണ്ടുവർഷം അഭിഭാഷകനായി പ്രാക്ടീസ് ചെയ്ത ശേഷമാണ് മമ്മൂട്ടി സിനിമയിലേക്കെത്തിയത്.



