പാർട്ടി പ്രവർത്തകരെ പരിഗണിക്കുന്നതിൽ എൽഡിഎഫ് സർക്കാരിന് വീഴ്ചപറ്റി; തുറന്നടിച്ച് .ബിനോയ് വിശ്വം!

വൈക്കം: ഇടതുപക്ഷ പാർട്ടി പ്രവർത്തകരെയും അനുഭാവികളെയും പരിഗണിക്കുന്നതിൽ എൽ.ഡി.എഫ്. സർക്കാരിന് വീഴ്ച പറ്റിയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേരള സംസ്ഥാന ചെത്തുത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി.) 21-ാം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം വൈക്കത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പയ്യന്നൂർ, തളിപ്പറമ്പ്, അമ്പലപ്പുഴ, വൈക്കം, കൊടുങ്ങല്ലൂർ തുടങ്ങിയ മേഖലകളിൽ ഇടതുപക്ഷം തോൽക്കാൻ പാടില്ലാത്തതാണെന്നും, സ്വന്തം ആളുകൾ പോലും വോട്ട് ചെയ്യാത്ത സാഹചര്യത്തെക്കുറിച്ച് ഗൗരവമായി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചെറിയ ആവശ്യങ്ങൾ പോലും സഖാക്കൾക്കുവേണ്ടി ചെയ്തുകൊടുക്കാൻ സാധിച്ചോ എന്ന് പാർട്ടി ആത്മപരിശോധന നടത്തണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. നമ്മൾ അവരിൽനിന്ന് പിന്തുണ പ്രതീക്ഷിക്കുമ്പോൾ തിരിച്ചും ചിലത് അവർ നമ്മളിൽനിന്ന് ആഗ്രഹിക്കുന്നുണ്ട്. പുന്നപ്രയുടെ മണ്ണായ അമ്പലപ്പുഴ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ തോൽവികൾ തെറ്റാണെന്നും, വീഴ്ചകൾ തുറന്നുപറയാൻ മടിക്കരുതെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
ഇതോടൊപ്പം കള്ള് വ്യവസായത്തെ സംരക്ഷിക്കുന്നതിൽ എൽ.ഡി.എഫ്. സർക്കാർ വരുത്തിയ വീഴ്ചയും അദ്ദേഹം തുറന്നുപറഞ്ഞു. ബാറുകൾക്ക് 50 മീറ്റർ ദൂരപരിധി ഉള്ളപ്പോൾ കള്ളുഷാപ്പുകൾക്ക് 400 മീറ്റർ ദൂരപരിധി നിശ്ചയിച്ചത് തികച്ചും അന്യായമാണ്.
ഈ വിഷയം എൽ.ഡി.എഫ്. യോഗങ്ങളിൽ സി.പി.ഐ. നിരന്തരം ഉന്നയിച്ചിരുന്നതാണെന്നും, പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ കാര്യങ്ങൾ ശരിയാക്കാമെന്ന് ഉറപ്പുനൽകിയിട്ടും അഞ്ചു വർഷം കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘ശരിയാക്കാം’ എന്ന് പറഞ്ഞാൽ പോരാ, മറിച്ച് ‘ശരി ചെയ്തുകാണിക്കുകയാണ്’ വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



