“അച്ഛൻ പ്രൊമോഷന് വരില്ല, കാരണം അദ്ദേഹം ഇപ്പോൾ മുഖ്യമന്ത്രിയാണ്”; വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ്‌യുടെ വാക്കുകൾ ശ്രദ്ധ നേടുന്നു!

നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ ജോസഫ് വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘സിഗ്മ’ റിലീസിനൊരുങ്ങുന്നു. ഒക്ടോബർ 2-ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് ജേസൺ ഇപ്പോൾ. കഴിഞ്ഞ ദിവസം നടന്ന തെലുങ്ക് പ്രൊമോഷൻ പരിപാടിക്കിടെ ജേസൺ പറഞ്ഞ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.
ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളിൽ അച്ഛൻ വിജയ് സഹായിക്കാൻ എത്തുമോ എന്ന ചോദ്യത്തിന് ജേസൺ നൽകിയ മറുപടിയാണ് ഏറെ ശ്രദ്ധേയമായത്. അച്ഛൻ ‘സിഗ്മ’യുടെ റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും എന്നാൽ പ്രൊമോഷൻ പരിപാടികൾക്കൊന്നും അദ്ദേഹം വരില്ലെന്നും ജേസൺ വ്യക്തമാക്കി. സിനിമയിലെ കാര്യങ്ങൾക്കാണ് താൻ പ്രാധാന്യം നൽകാൻ ആഗ്രഹിക്കുന്നതെന്നും, മറ്റു കാര്യങ്ങൾ അതിലേക്ക് കൂടിക്കലരുന്നത് തനിക്ക് താല്പര്യമില്ലെന്നും ജേസൺ കൂട്ടിച്ചേർത്തു
കൂടാതെ, അച്ഛൻ വിജയ് ഇപ്പോൾ തമിഴ്നാട് മുഖ്യമന്ത്രിയായതുകൊണ്ട് നിരവധി ഔദ്യോഗിക ഉത്തരവാദിത്വങ്ങൾ അദ്ദേഹത്തിനുണ്ടെന്നും ജേസൺ ഓർമ്മിപ്പിച്ചു. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിലൊരുങ്ങുന്ന ഈ ആക്ഷൻ എന്റർടൈനർ ചിത്രത്തിൽ സന്ദീപ് കിഷനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. താൻ ഒരുക്കിയിരിക്കുന്ന ഈ സിനിമ കാണാൻ അച്ഛൻ ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നതെന്നും ജേസൺ പറഞ്ഞു.



