സിപിഎം വിട്ടവരെ തിരികെയെത്തിക്കും; തിരിച്ചടികളിൽ വീഴ്ചകൾ പരിശോധിക്കുമെന്ന് എം.എ. ബേബി

തിരുവനന്തപുരം: സിപിഎം വിട്ടുപോയവരെ പാർട്ടിയിലേക്ക് തിരികെയെത്തിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. പ്രവർത്തകർക്കിടയിൽ ജാഗ്രതക്കുറവും പോരായ്മകളും ഉണ്ടായിട്ടുണ്ടെന്നും പാർട്ടിക്ക് പരാജയങ്ങളും തിരിച്ചടികളും നേരിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങൾ പാർട്ടി വിശദീകരിച്ചിട്ടുണ്ടെന്നും എം.എ. ബേബി വ്യക്തമാക്കി.
പാവപ്പെട്ടവരുടെ അഭയസ്ഥാനമാണ് സിപിഎമ്മെന്ന് പറഞ്ഞ ബേബി, പാർട്ടിയിലെ പോരായ്മകളിൽ നിന്ന് ഒരു ഘടകവും സഖാവും പൂർണമായി മുക്തമല്ലെന്നും അഭിപ്രായപ്പെട്ടു. പോളിറ്റ് ബ്യൂറോയ്ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന്, വ്യക്തിപരമായി ചെയ്യേണ്ട കാര്യങ്ങളിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അത് സ്വയം വിമർശനപരമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, റിപ്പോർട്ടർ ചാനൽ ഓഫീസിലെ എസ്ഐടി പരിശോധനയുമായി ബന്ധപ്പെട്ടും എം.എ. ബേബി പ്രതികരിച്ചു. പരിശോധനയ്ക്കിടെ വലിയ രീതിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. അരമണിക്കൂറോളം സംപ്രേഷണം നിർത്തിവയ്ക്കാൻ നിർബന്ധിച്ചെന്നും വനിതാ മാധ്യമപ്രവർത്തകരുടേതടക്കം സ്മാർട്ട് ഫോണുകളും വാർത്താ പ്രവർത്തനത്തിന് ഉപയോഗിക്കുന്ന ഫോണുകളും ബലമായി പിടിച്ചുവച്ചെന്നും അദ്ദേഹം പറഞ്ഞു.
ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോഴും എഡിറ്റോറിയൽ റൂമുകളിൽ കടന്നുചെന്ന് ഇത്തരം അതിക്രമങ്ങൾ നടത്തിയതായി ഓർമയില്ലെന്നും ബേബി പറഞ്ഞു.
സ്ഥാപന ഉടമകൾ ഉൾപ്പെട്ട കേസുകളെക്കുറിച്ച് അന്വേഷിക്കാനാണ് പൊലീസ് എത്തിയതെന്നാണ് വിശദീകരണം. എന്നാൽ, വാർത്താ ചാനലിന്റെ എഡിറ്റോറിയൽ വിഭാഗം നടത്തുന്ന പ്രവർത്തനങ്ങൾ അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ടുവരേണ്ട കാര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മാധ്യമസ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ അഭിവാജ്യ ഘടകമാണെന്നും ബേബി പറഞ്ഞു. നേരത്തെ മീഡിയവൺ ചാനലിനെതിരായ അതിക്രമത്തെയും സിപിഎം അപലപിച്ചിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചാനൽ മാനേജ്മെന്റിന്റെ ഭാഗത്ത് എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അവ അന്വേഷിച്ച് നിയമനടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും എം.എ. ബേബി വ്യക്തമാക്കി.



