ആനകൾ തമ്മിലുണ്ടായ സംഘർഷം കുത്തിൽ കലാശിച്ചു

0

ഉത്സവത്തിനിടെ 10 പേർക്ക് പരുക്ക്

തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തില്‍ ഉത്സവ എഴുന്നള്ളിപ്പിനിടെ ആന വിരണ്ടത് വ്യാപക പരിഭ്രാന്തിയുണ്ടാക്കി. ആന വിരണ്ടത് കണ്ട് ഓടിയവരും ആനക്ക് മുകളിലിരുന്നവരും അടക്കം പത്തു പേർക്കാണ് പരുക്കേറ്റത്. വിരണ്ടോടിയ ആന തൊട്ടടുത്ത് നിന്ന ആനയെ കുത്തിയതാണ് സ്ഥിതി അപകടത്തിലാക്കിയത്.

എഴുന്നള്ളത്തിന് എത്തിച്ച വേണാട്ടുമറ്റം ഉണ്ണിക്കുട്ടന്‍ എന്ന ആന വിരണ്ട് ജയരാജൻ എന്ന ആനയെ കുത്തിയതോടെയാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. ഇതോടെ ഓടിയ ജയരാജന്റെ മുകളിലുണ്ടായിരുന്ന കീഴ്ശാന്തി ശ്രീകുമാര്‍ വീണെങ്കിലും കാര്യമായ അപകടം ഒഴിവായി. എന്നാൽ ആദ്യം വിരണ്ട ആനയുടെ പുറത്തിരുന്ന അനൂപ് വീണ് സാരമായി പരുക്കേറ്റു.

ഞായറാഴ്ച വൈകിട്ടത്തെ ശീവേലി എഴുന്നള്ളത്തിനിടെ ആണ് സംഭവം. ഏറെ വൈകാതെ രണ്ട് ആനകളെയും തളച്ചു. കീഴ്ശാന്തിമാര്‍ക്കും ചില ഭക്തര്‍ക്കും പരുക്കേറ്റിട്ടുണ്ട്. രാമചന്ദ്രന്‍, രമേശ്, അശോകന്‍, ശോഭ, രേവമ്മ, ശശികല ശ്രീലക്ഷ്മി, ശ്രേയ എന്നിവര്‍ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

ആനപ്പുറത്ത് നിന്ന് വീണ ശ്രീകുമാറിന് കാലിനു പൊട്ടലുണ്ടായി. അനൂപിന്റെ തലയുടെ പിന്നില്‍ മുറിവേറ്റിട്ടുമുണ്ട്. രാവിലത്തെ എഴുന്നള്ളത്തിനിടെയും ആന പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു. എന്നിട്ടും വൈകിട്ട് എഴുന്നള്ളിച്ചതില്‍ പരാതി ഉയർന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here