ചിറയിൻകീഴ് കയ്യാങ്കളി; കെപിസിസി അന്വേഷണം തുടങ്ങി, നേതാക്കളുടെ മൊഴിയെടുത്തു

തിരുവനന്തപുരം: ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസും കോൺഗ്രസ് നേതാക്കളും തമ്മിലുണ്ടായ കയ്യാങ്കളിയിൽ കെപിസിസി അന്വേഷണം തുടങ്ങി. മുൻ കെപിസിസി അധ്യക്ഷൻ എം.എം. ഹസ്സൻ അധ്യക്ഷനായ അന്വേഷണ സമിതി ഇന്ദിരാഭവനിൽ നേതാക്കളുടെ മൊഴി രേഖപ്പെടുത്തി.
രമ്യ ഹരിദാസിനും പാളയം പ്രദീപിനുമെതിരെ നേതാക്കൾ സമിതിക്ക് മുന്നിൽ പരാതി ഉന്നയിച്ചു. അതേസമയം, പ്രശ്നങ്ങൾ വഷളാക്കിയത് സജിത്ത് മുട്ടപ്പലമാണെന്ന് ഒരു വിഭാഗം നേതാക്കൾ അന്വേഷണ സമിതിയെ അറിയിച്ചു. സജിത്തിനെതിരെയും സമിതിക്ക് മുന്നിൽ പരാതി ലഭിച്ചിട്ടുണ്ട്.
ചിറയിൻകീഴിലെ സംഭവത്തിൽ നേതാക്കളെ ഓരോരുത്തരെയായി കണ്ടാണ് സമിതി മൊഴിയെടുക്കുന്നത്. രമ്യ ഹരിദാസും പാളയം പ്രദീപും നേരിട്ട് സമിതിക്ക് മുന്നിൽ ഹാജരായില്ല. രമ്യ ഹരിദാസുമായി ഫോണിൽ സംസാരിച്ചതായി എം.എം. ഹസ്സൻ അറിയിച്ചു. ദില്ലിയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം രമ്യയുമായി വീണ്ടും സംസാരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘പറയാനുള്ളതെല്ലാം അന്വേഷണ കമ്മീഷനോട് പറഞ്ഞുവെന്നും കമ്മീഷൻ തനിക്ക് പറയാനുള്ളതെല്ലാം കേട്ടുവെന്നും’ സജിത്ത് മുട്ടപ്പലം പ്രതികരിച്ചു.
പാളയം പ്രദീപ് മണ്ഡലത്തിലെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നുവെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആരോപണം. മണ്ഡലത്തിലെ എല്ലാ വിഷയങ്ങളിലും ഇടപെടാൻ പാളയം പ്രദീപിന് എന്താണ് അധികാരമെന്നും രമ്യയെ എതിർക്കുന്നവർ ചോദിക്കുന്നു. വിഷയത്തിൽ പ്രധാന നേതാക്കൾക്കും അതൃപ്തിയുണ്ടെന്നാണ് വിവരം.
അതേസമയം, നിയമസഭയുടെ പേ റോളിൽ നിലവിൽ പാളയം പ്രദീപിന്റെ പേരില്ല. അഡീഷണൽ പി.എ ആക്കാൻ അപേക്ഷ നൽകിയിട്ടുണ്ടെന്ന് രമ്യ ഹരിദാസ് വ്യക്തമാക്കി. കെപിസിസി അന്വേഷണ റിപ്പോർട്ട് നിയമന കാര്യത്തിൽ നിർണായകമാകുമെന്നാണ് സൂചന.
പാർട്ടിക്ക് തന്നെ നാണക്കേടുണ്ടാക്കിയ സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കോൺഗ്രസ് നേതൃത്വം കാണുന്നത്. ഇതിന്റെ ഭാഗമായാണ് മുതിർന്ന നേതാവായ എം.എം. ഹസ്സനെ അന്വേഷണത്തിന് നിയോഗിച്ചത്. സംഭവത്തിൽ ബന്ധപ്പെട്ട എല്ലാ നേതാക്കളുടെയും മൊഴിയെടുത്ത ശേഷമായിരിക്കും സമിതി റിപ്പോർട്ട് സമർപ്പിക്കുക.



