പ്രണയബന്ധത്തിന് വീട്ടുകാരുടെ എതിർപ്പ്; ശാസ്താംകോട്ട തടാകത്തിൽ ചാടി ജീവനൊടുക്കി

കൊല്ലം: പ്രണയബന്ധത്തെ വീട്ടുകാർ എതിർത്തതിനെത്തുടർന്ന് കമിതാക്കൾ ശാസ്താംകോട്ട തടാകത്തിൽ ചാടി ജീവനൊടുക്കി. വലിയോട് മറവൻകോട് ഐഎച്ച്ഡിപി ഉന്നതിയിലെ അഭിഷേക് ഭവനിൽ എം കെ അനിയുടെയും ബീനാകുമാരിയുടെയും മകൾ അഭിരാമി (19), പൂയപ്പള്ളി സ്വദേശി രാജീവ് (26) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച വൈകിട്ടാണ് ഇവർ തടാകത്തിൽ ചാടിയത്. ഞായറാഴ്ച രാവിലെയോടെ ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. കഴിഞ്ഞ കുറച്ച് നാളുകളായി രാജീവും അഭിരാമിയും തമ്മിൽ പ്രണയത്തിലായിരുന്നു. ബന്ധത്തിൽ വീട്ടുകാർ എതിർപ്പ് പ്രകടിപ്പിക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു.
കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയപ്പോഴും ഒരുമിച്ച് ജീവിക്കാനാണ് തീരുമാനമെന്ന് ഇരുവരും എഴുതി ഒപ്പിട്ട് നൽകിയിരുന്നു. പിന്നീട് ശനിയാഴ്ച വൈകിട്ടോടെയാണ് ഇവർ തടാകത്തിന് സമീപമെത്തി ജീവനൊടുക്കിയതെന്നാണ് വിവരം. ഇരുവരുടെയും ബാഗുകൾ കരയിൽനിന്നും കണ്ടെത്തിയിരുന്നു. മൃതദേഹങ്ങൾ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.



