‘എങ്ങനെ തെളിവ് നശിപ്പിക്കാം’; യുവ വ്യവസായിയെ കൊക്കയിൽ തള്ളിക്കൊന്ന കേസ്, ഒരാൾകൂടി പിടിയിൽ

പുണെ∙ മഹാരാഷ്ട്രയിൽ യുവ വ്യവസായിയെ പ്രതിശ്രുത വധുവും കാമുകനും ചേർന്ന് കൊക്കയിൽനിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ. പ്രതിയായ ചേതൻ ചൗധരിയുടെ സുഹൃത്ത് റിതേഷ് ഹാംഗെയെയാണ് പുണെ പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്. പുണെ സ്വദേശി കേതൻ അഗർവാളിനെയാണ് പ്രതിശ്രുത വധു സിയ ഗോയലും ചേതനും ചേർന്ന് ലോഹഗഡ് കോട്ടയിൽനിന്ന് തള്ളിയിട്ടു കൊന്നത്. ഗൂഢാലോചനയിൽ റിതേഷിനും പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.

‘കേതനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയിൽ റിതേഷിനും പങ്കുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. കേതന്റെ കയ്യും കാലും ഒടിച്ചശേഷം അയാളെ കൊലപ്പെടുത്താനുള്ള സിയയുടെയും ചേതന്റെയും പദ്ധതിയെക്കുറിച്ച് റിതേഷിന് അറിവുണ്ടായിരുന്നു. കേതനെ കൊലപ്പെടുത്തിയശേഷം ചേതൻ ഇക്കാര്യം റിതേഷിനെ വിളിച്ച് അറിയിച്ചിരുന്നു.’പുണെ പൊലീസ് സൂപ്രണ്ട് സന്ദീപ് സിങ് ഗിൽ പറഞ്ഞു. പൊലീസ് പിടിച്ചെടുത്ത മൊബൈൽ ഫോൺ ഫൊറൻസിക് വിദഗ്ധർ പരിശോധിച്ചപ്പോഴാണ് റിതേഷിലേക്ക് വിരൽ ചൂണ്ടുന്ന തെളിവുകൾ കണ്ടെത്തിയത്.

കേതനെ എങ്ങനെ കോട്ടയിൽനിന്ന് തള്ളിയിടാമെന്നും തെളിവുകൾ എങ്ങനെ നശിപ്പിക്കാമെന്നുമുള്ള ചാറ്റുകൾ ഫോണിൽ കണ്ടെത്തിയിരുന്നു. റിതേഷിനെ സെപ്റ്റംബർ 12 വരെ റിമാൻഡ് ചെയ്തു. ജൂൺ 18നാണ് കേതൻ അഗർവാളിനെ സിയയും ചേതൻ ചൗധരിയും ചേർന്ന് ലോഹഗഡ് കോട്ടയിൽ ട്രെക്കിങ്ങിനിടെ കൊലപ്പെടുത്തിയത്. അപകടമരണമാണെന്നായിരുന്നു പ്രാഥമിക നിഗമനം. വിശദമായ അന്വേഷണത്തിലാണ് ആസൂത്രിത കൊലപാതകമാണെന്നു തെളിഞ്ഞത്.

സിയയുടെ ജന്മദിനം ആഘോഷിക്കാനാണു ഇരുവരും ലോഹഗഡിൽ ട്രെക്കിങ്ങിനു പോയത്. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം സിയയുടെ കാമുകൻ സ്ഥലത്തെത്തുകയും ഇരുവരും ചേർന്നു കേതനെ കൊക്കയിലേക്ക് തള്ളിയിടുകയുമായിരുന്നു. ഫോട്ടോയ്ക്കു പോസ് ചെയ്യുന്നതിനിടെ അബദ്ധത്തിൽ കാൽവഴുതി വീണതാണെന്നായിരുന്നു സിയ പൊലീസിനോടു പറഞ്ഞത്. ഇരുവരുടെയും വിവാഹം നവംബറിൽ നടത്താനിരിക്കുകയായിരുന്നു. കേതനെ ഒഴിവാക്കിയ ശേഷം കാമുകൻ ചേതനെ വിവാഹം കഴിക്കാനായിരുന്നു സിയയുടെ പദ്ധതി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button