സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഇന്നും നിയന്ത്രണം, വൈകിട്ട് ആറ് മുതൽ 12 വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി. വൈകുന്നേരം ആറ് മണിക്കും അർദ്ധരാത്രി 12 മണിക്കും ഇടയിലുള്ള സമയത്തായിരിക്കും നിയന്ത്രണമുണ്ടാവുക. സംസ്ഥാനത്തെ വർദ്ധിച്ചുവരുന്ന വൈദ്യുതി ഉപഭോഗവും പുറത്തുനിന്നുള്ള വൈദ്യുതി ലഭ്യതയിലുണ്ടായ കുറവുമാണ് അപ്രതീക്ഷിതമായ ഈ പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. സംസ്ഥാനത്ത് പ്രതീക്ഷിച്ച പോലെ കാലവർഷം ലഭിക്കാതിരുന്നതും വൈദ്യുതി ഉപഭോഗം വർദ്ധിക്കാൻ കാരണമായിട്ടുണ്ട്.
പവർ എക്സ്ചേഞ്ചുകളിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭിക്കാത്ത സാഹചര്യത്തിലാണ് അടിയന്തരമായി ഈ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നത്. സാധാരണയായി വൈകുന്നേരങ്ങളിലെ അധിക ആവശ്യം നേരിടാൻ സംസ്ഥാനം പവർ എക്സ്ചേഞ്ചുകളെയാണ് ആശ്രയിക്കാറുള്ളത്. എന്നാൽ നിലവിൽ അവിടെനിന്നും ആവശ്യാനുസരണം വൈദ്യുതി വാങ്ങാൻ സാധിക്കാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് പീക്ക് സമയങ്ങളിലെ വൈദ്യുതി ഉപയോഗം ക്രമാതീതമായി വർദ്ധിച്ചതും നിലവിലെ പ്രതിസന്ധിയുടെ വ്യാപ്തി കൂട്ടിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം 500 മുതൽ 800 മെഗാവാട്ട് വരെയുടെ അധിക വൈദ്യുതി ഉപയോഗമാണ് പീക്ക് സമയങ്ങളിൽ സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത്. ചൂട് കൂടിയതോടെ വീടുകളിലും സ്ഥാപനങ്ങളിലും എയർ കണ്ടീഷണറുകൾ ഉൾപ്പെടെയുള്ള ശീതീകരണ ഉപകരണങ്ങളുടെ ഉപയോഗം കൂടിയതാണ് ഈ വർദ്ധനവിന് കാരണമായത്.



