കാത്തിരുന്നത് ദുരന്തം; കൈപ്പമംഗലം അപകടത്തിന് തൊട്ടുമുമ്പുള്ള വിദ്യാർഥികളുടെ ദൃശ്യങ്ങൾ പുറത്ത്

തൃശൂർ: കയ്‌പമംഗലത്ത് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് മരണപ്പെട്ട തമിഴ്‌നാട് സ്വദേശികളായ വിദ്യാർത്ഥികളുടെ ദൃശ്യങ്ങൾ നൊമ്പരക്കാഴ്‌ചയാകുന്നു. എട്ട് വിദ്യാർത്ഥികളും യാത്ര പുറപ്പെടുന്ന വേളയിലെടുന്ന വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഡിണ്ടിഗലിലെ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികളാണ് മരിച്ചത്. രണ്ടുപേരുടെ പോസ്റ്റ്‌മോർട്ടം നടപടികൾ തൃശൂർ മെഡിക്കൽ കോളേജിൽ പൂർത്തിയായി. മറ്റുള്ളവരുടേത് വേഗത്തിൽ പൂർത്തിയാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

സാധാരണ ഡിണ്ടിഗലിൽ നിന്ന് എറണാകുളത്തേക്ക് വരേണ്ടത് പാലിയേക്കര ടോൾ പ്ലാസ കടന്നാണ്. എന്നാൽ, ഇവർ സഞ്ചരിച്ചത് ഗുരുവായൂർ ഭാഗത്ത് നിന്നാണ്. ഇവർ എന്തിനാണ് ഈ വഴി തിരഞ്ഞെടുത്തതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഇവരുടെ സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ ഇക്കാര്യത്തിൽ കൃത്യമായ അറിവില്ല. വിദ്യാർത്ഥികൾ കേരളത്തിലേക്ക് വിനോദസഞ്ചാരത്തിന് തന്നെ എത്തിയതാണോ എന്ന കാര്യവും വ്യക്തമല്ല.റൂറൽ എസ്‌പിയും തൃശൂർ ജില്ലാ കളക്‌ടറും തൃശൂർ മെഡിക്കൽ കോളേജിലെത്തി കാര്യങ്ങൾ വിലയിരുത്തുന്നുണ്ട്.

കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി ഉദ്യോഗസ്ഥർ മരിച്ച വിദ്യാർത്ഥികളുടെ ബന്ധുക്കളുമായി സംസാരിക്കുന്നുണ്ട്.പനമ്പിക്കുന്ന് സെന്ററിൽ വെള്ളിയാഴ്‌ച രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. മധുര മേലൂർ സതീവപുരം സ്വദേശിയായ സന്തോഷ് ജി (20), മധുര വിരഗനൂർ സ്വദേശിയായ പ്രസന്ന ആർ (20), സേലം സ്വദേശിയായ വിശ്വ വി (20), ഡിണ്ടികൽ അടിയനൂത്ത് സ്വദേശിയായ സൂര്യ ഐ (20), ഒറ്റൻഛത്രം സ്വദേശിയായ യുവസഞ്ജിത് കെ (21), ഡിണ്ടികൽ സ്വദേശിയായ ജോഷ്വ (20) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. രണ്ടുപേരെ കൂടി തിരിച്ചറിയാനുണ്ട്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് വിദ്യാർത്ഥികളെ പുറത്തെടുത്തത്. എല്ലാവരും സംഭവസ്ഥലത്തുവച്ച് തന്നെ മരണപ്പെട്ടിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button