‘പിഎം ശ്രീയുടെ ഭാഗമാകാൻ വി.ഡി. സതീശന് ഇത്ര തിടുക്കമോ?’; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ജോൺ ബ്രിട്ടാസ്

തിരുവനന്തപുരം: പിഎം ശ്രീ വിഷയത്തിൽ മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് ജോൺ ബ്രിട്ടാസ് എംപി. വി ഡി സതീശന് എങ്ങനെയെങ്കിലും പഴയ വാക്കുകളെല്ലാം വിഴുങ്ങിയിട്ട് പിഎം ശ്രീയുടെ ഭാഗമായാൽ മതിയെന്ന് അദ്ദേഹം പറഞ്ഞു.
‘അത് സംഭവിച്ചാൽ ജനമദ്ധ്യത്തിൽ തങ്ങളുടെ പൊയ്‌മുഖം അഴിഞ്ഞുവീഴുമെന്ന് യുഡിഎഫിലെ ചിലർക്കെങ്കിലും മനസിലായിട്ടുണ്ട്. അതുകൊണ്ടുതന്നെ അവർക്ക് കൃത്യമായ ഒരു നിലപാടെടുക്കാൻ പറ്റുന്നില്ല. യുഡിഎഫിന്റെ എംപിമാർ രാജ്യസഭയിൽ ചോദിച്ച ചോദ്യത്തിന് ലഭിച്ച മറുപടിയിൽ, പിഎം ശ്രീയിൽ നിന്ന് പിന്മാറാം എന്ന കാര്യങ്ങളെല്ലാം കൃത്യമായി തന്നെയുണ്ട്.
അതുകൊണ്ടുതന്നെ ഇപ്പോഴുള്ള ഈ മലക്കംമറിച്ചിൽ നടത്തേണ്ട ആവശ്യമില്ല. കേരള സമൂഹത്തോട് എന്തെങ്കിലും ഉത്തരവാദിത്തമുണ്ടെങ്കിൽ യുഡിഎഫ് മുമ്പ് പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കണം. സതീശൻ സർക്കാരിന്റെ നിലപാട് എന്താണെന്ന് നമ്മളെല്ലാം കണ്ടുകൊണ്ടിരിക്കുകയാണ്. ഇത്രയും നാണംകെട്ട സമീപനം സ്വീകരിച്ച ഒരു സർക്കാർ കേരളത്തിന്റെ ചരിത്രത്തിൽ വേറെയുണ്ടാകില്ലെന്നും’- ജോൺ ബ്രിട്ടാസ് പറഞ്ഞു.
ഇതിനിടെ പിഎം ശ്രീയിൽ സംസ്ഥാന സർക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത് വന്നിരുന്നു. പിഎം ശ്രീ നടപ്പിലാക്കരുതെന്നാണ് നിലപാടെന്ന് യൂത്ത് ലീഗ് വ്യക്തമാക്കി. വോട്ട് ചെയ്‌ത ജനങ്ങൾക്ക് അനിഷ്‌ടമായ എന്തെങ്കിലും ഉണ്ടായാൽ അത് പറയാന്‍ യൂത്ത് ലീഗ് ഉണ്ടാകുമെന്നും സർക്കാർ ജനങ്ങളുടെ കൂടെയല്ലെങ്കിൽ ജനങ്ങൾ ഭരണകൂടങ്ങൾക്ക് എതിരാകുമെന്നും യൂത്ത് ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. യൂത്ത് ലീഗ് മലപ്പുറം ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത ശേഷമാണ് മുനവ്വറലി ശിഹാബ് തങ്ങൾ നിലപാട് വ്യക്തമാക്കിയത്.



