നേപ്പാളിലെ മിന്നൽ പ്രളയം: മരണം 1,200 കടന്നു; നൂറുകണക്കിന് മൃതദേഹങ്ങൾ തിരിച്ചറിയാനാകാതെ

കാഠ്മണ്ഡു: നേപ്പാളിൽ ആഗസ്റ്റ് 26നുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1,200 കടന്നതായി റിപ്പോർട്ട്. 4,000ലേറെ പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം. കാഠ്മണ്ഡുവിലെ പ്രധാന ആശുപത്രിയായ ത്രിഭുവൻ യൂണിവേഴ്സിറ്റി ടീച്ചിംഗ് ഹോസ്പിറ്റലിൽ മാത്രം തിരിച്ചറിയാൻ കഴിയാത്ത 165 മൃതദേഹങ്ങളാണുള്ളത്.

മരിച്ചവരുടെ വിരലടയാളമോ മറ്റ് തിരിച്ചറിയൽ രേഖകളോ കണ്ടെത്താൻ ബുദ്ധിമുട്ടുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. മൃതദേഹങ്ങൾ സൂക്ഷിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായതോടെ കാഠ്മണ്ഡുവിന്റെ വടക്ക്, വടക്കുപടിഞ്ഞാറൻ മേഖലകളിൽ തിരിച്ചറിയാത്ത മൃതദേഹങ്ങൾ താൽക്കാലികമായി സംസ്കരിച്ചുവരികയാണ്.

മരിച്ചവരെ പിന്നീട് തിരിച്ചറിയുന്നതിനായി മൃതദേഹങ്ങളിൽനിന്ന് ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഓരോ മൃതദേഹവും എവിടെയാണ് അടക്കം ചെയ്തതെന്ന് രേഖപ്പെടുത്തുന്നതിനായി പ്രത്യേക നമ്പറുകളും വിശദാംശങ്ങളടങ്ങിയ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. പിന്നീട് തിരിച്ചറിയൽ സാധ്യമായാൽ ആവശ്യമായ സാഹചര്യത്തിൽ കുഴിമാടങ്ങൾ തുറന്ന് മൃതദേഹങ്ങൾ പുറത്തെടുക്കുന്നതിനാണ് ഈ ക്രമീകരണം.

ചിത്വാനിലും മൃതദേഹങ്ങൾ താൽക്കാലികമായി അടക്കം ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പിന്നീട് പുറത്തെടുക്കാൻ കഴിയുന്ന വിധം ഏകദേശം 1.5 മീറ്റർ ആഴത്തിലാണ് മൃതദേഹങ്ങൾ സംസ്കരിക്കുന്നത്.

അതേസമയം, മലയാളികൾ ഉൾപ്പെടെയുള്ള കാണാതായ ഇന്ത്യക്കാർക്കായുള്ള തെരച്ചിലും തുടരുകയാണ്. ഇന്ത്യയിൽനിന്നുള്ള ഫോറൻസിക് സംഘം നേപ്പാൾ പൊലീസിന്റെ സെൻട്രൽ ഫോറൻസിക് സയൻസ് ലാബിലും ത്രിഭുവൻ യൂണിവേഴ്സിറ്റി ടീച്ചിംഗ് ഹോസ്പിറ്റലിലുമായി ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തുന്നു.

ത്രിശൂലി വൈദ്യുതി പദ്ധതി മേഖലയിലെ തുരങ്കത്തിലടക്കം ഇന്ത്യൻ തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന സംശയത്തെ തുടർന്ന് രക്ഷാപ്രവർത്തനവും ഊർജിതമാക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button