‘ഇസ്‌ലാമിനെ തെറ്റായി വ്യാഖ്യാനിച്ചു’; കാന്തപുരത്തിനെതിരായ പരാമർശത്തിൽ മുഖ്യമന്ത്രിക്കെതിരെ കേരള മുസ്‌ലിം ജമാഅത്ത്

മലപ്പുറം: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ഇസ്‌ലാമിനെ തെറ്റായി വ്യാഖ്യാനിച്ചെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റി. മുഖ്യമന്ത്രി പ്രസ്താവന പിൻവലിച്ച് മുസ്‌ലിം സമുദായത്തോട് മാപ്പ് പറയണമെന്ന് കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

ഇസ്‌ലാമിക ചരിത്രത്തെയും സംഭവങ്ങളെയും കൃത്യമായി മനസ്സിലാക്കാതെയും സന്ദർഭം ഗ്രഹിക്കാതെയും പരസ്യമായി അധിക്ഷേപിക്കുന്നത് മുഖ്യമന്ത്രി പദവിക്ക് ചേർന്നതല്ലെന്ന് സംഘടന കുറ്റപ്പെടുത്തി. വായനാപ്രിയനെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി ഖുർആനെയും പ്രവാചകചര്യയെയും ഇസ്‌ലാമിക ചരിത്രത്തെയും ശരിയായ രീതിയിൽ പഠിച്ചു മനസ്സിലാക്കാൻ ഇനിയെങ്കിലും തയ്യാറാകണമെന്ന് അവർ ആവശ്യപ്പെട്ടു.

സ്ത്രീകൾ വീട്ടിൽ അടങ്ങിയിരിക്കേണ്ടവരാണെന്ന കാന്തപുരത്തിന്റെ പ്രസ്താവനയെ തള്ളിപ്പറഞ്ഞ മുഖ്യമന്ത്രി, ഇത് പത്തൊൻപതാം നൂറ്റാണ്ടിലെ ചിന്താഗതിയാണെന്ന് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. സ്ത്രീകൾ പൊതുരംഗത്തും സമൂഹത്തിന്റെ സമസ്ത മേഖലകളിലും സജീവമാകണമെന്നാണ് ഇസ്‌ലാമിക ചരിത്രം തെളിയിക്കുന്നതെന്നും, പ്രവാചകന്റെ ഭാര്യമാരായ ഖദീജ ബിസിനസുകാരിയും ആയിഷ സൈന്യാധിപയുമായിരുന്നു എന്നതിനൊപ്പം ഖലീഫ ഉമറിന്റെ സദസ്സിൽ സ്ത്രീ ചോദ്യം ചെയ്ത ചരിത്രവും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരത്തിലുള്ള സ്ത്രീവിരുദ്ധ പരാമർശങ്ങളെ സർക്കാരോ പാർട്ടിയോ അംഗീകരിക്കില്ലെന്ന മുഖ്യമന്ത്രിയുടെ ഉറപ്പാണ് ഇപ്പോൾ വലിയ രാഷ്‌ട്രീയ-മത തർക്കങ്ങൾക്ക് വഴിതുറന്നിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button