തിരുവനന്തപുരം നഗരത്തിൽ ഓടിക്കൊണ്ടിരുന്ന കാർ തീപിടിച്ച് നശിച്ചു

ശംഖുംമുഖം: യാത്രക്കാരുമായി ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു. തിരുവനന്തപുരം നഗരത്തിലെ പടിഞ്ഞാറേകോട്ടയിൽ വഴി ആറ്റിങ്ങൽ ഭാഗത്തേക്ക് പോയ കാറാണ് ഈഞ്ചക്കൽ ജംഗ്ഷനിൽ വച്ച് കത്തിയത്. മഹീന്ദ്ര ഒക്ടാവിയ ഡീസൽ കാറാണ് കത്തി നശിച്ചത്. കാറിന്റെ മുൻഭാഗത്തുനിന്നും തീ ഉയർന്നതുകണ്ട ഡ്രൈവർ കാർ ഒതുക്കി നിറുത്തി. യാത്രക്കാർ പുറത്തിറങ്ങുന്നതിന് മുൻപ് തീ ആളിപടരുകയായിരുന്നു. മാർത്താണ്ഡത്തുനിന്നും ആറ്റിങ്ങൽ ഭാഗത്തേക്കാണ് കാറിലുണ്ടായിരുന്നവർ യാത്രചെയ്തിരുന്നത്.
കാറിൽ ഉണ്ടായിരുന്ന ഷക്കീർ, ഷമീർ, ജാസ്മിൻ എന്നിവരെ ഓടിയെത്തിയ നാട്ടുകാർ പുറത്ത് ഇറക്കി. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ചാക്കയിൽ നിന്നു രണ്ടുയൂണിറ്റും ചെങ്കൽചൂളയിൽ നിന്നും ഒരു യൂണിറ്റും ഫയർഫോഴ്സ് സംഘം എത്തിയാണ് എത്തി തീ കെടുത്തിയത്.



