‘ചതിച്ചാശാനേ..! ഒരു വർഷം തടവും ₹5.3 കോടി നഷ്ടപരിഹാരവും; മാണി സി. കാപ്പനെതിരായ ചെക്ക് കേസിൽ മുംബൈ കോടതി വിധി

മുംബൈ: ചെക്ക് കേസിൽ യു.ഡി.എഫ് എംഎൽഎ മാണി സി കാപ്പന് ഒരു വർഷം തടവ് ശിക്ഷ വിധിച്ച് മുംബൈ ബോറിവലി കോടതി. കണ്ണൂർ വിമാനത്താവളത്തിൽ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം വാങ്ങിയെന്ന പരാതിയുമായി ബന്ധപ്പെട്ട നാല് കേസുകളിലാണ് കോടതി വിധി. ഒരു മാസത്തിനകം 5.3 കോടി രൂപ പലിശയടക്കം നഷ്ടപരിഹാരമായി നൽകണമെന്നും കോടതി നിർദേശിച്ചു. തുക അടച്ചില്ലെങ്കിൽ മൂന്ന് മാസം അധിക തടവ് അനുഭവിക്കണമെന്നും ഉത്തരവിലുണ്ട്.

ഓഹരി നൽകാമെന്ന് വാഗ്ദാനം ചെയ്ത് മൂന്ന് കോടിയിലധികം രൂപ തട്ടിയെടുത്തെന്ന ആരോപണത്തിലാണ് കേസുകൾ. എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ഹൈക്കോടതിയിലെത്തിയെങ്കിലും നടപടികൾ മുന്നോട്ടുപോയില്ല. തുടർന്ന് മുംബൈ വ്യവസായി ദിനേശ് മേനോൻ ബോറിവലി കോടതിയെ സമീപിക്കുകയായിരുന്നു. 2015 മുതൽ തുടരുന്ന നിയമപോരാട്ടത്തിനൊടുവിലാണ് ഇപ്പോഴത്തെ വിധി. കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് മാണി സി കാപ്പനെതിരെ ജാമ്യമില്ലാ വാറന്റും പുറപ്പെടുവിച്ചിരുന്നു.

അതേസമയം ശിക്ഷാവിധിക്കെതിരെ അപ്പീൽ പോകുമെന്ന് മാണി സി കാപ്പൻ വ്യക്തമാക്കി. സംഭവം ഗൂഢാലോചനയാണെന്നും ആർക്കും പണം നൽകാനില്ലെന്നും അദ്ദേഹം പ്രതികരിച്ചു. തന്റെ ഭാഗം കേൾക്കാതെയാണ് കോടതി വിധി പുറപ്പെടുവിച്ചതെന്നും മാണി സി കാപ്പൻ പറഞ്ഞു.

ഒരു വർഷമാണ് തടവ് ശിക്ഷയായതിനാൽ നിലവിലെ നിയമപ്രകാരം എംഎൽഎ സ്ഥാനത്തിന് അയോഗ്യത ബാധകമാകില്ല. എന്നാൽ കോടതി വിധിക്കെതിരെ അപ്പീൽ പോകുമെന്ന മാണി സി കാപ്പന്റെ നിലപാടോടെ കേസിലെ തുടർനിയമനടപടികൾക്കും പ്രാധാന്യം കൂടുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button