‘ഇളകുന്ന ആടിന്റെ അകിട് കണ്ട് ഓടുന്ന കുറുക്കനെപ്പോലെ യുഡിഎഫ്’; മുന്നണി ബന്ധത്തിൽ വിമർശനവുമായി എ.കെ. ബാലൻ

പ്രതിപക്ഷ ഉപനേതൃപദവിയെച്ചൊല്ലി സിപിഐ – സിപിഐഎം തർക്കങ്ങൾ മുറുകുന്നതിനിടെ നിലപാടുമായി മുതിർന്ന സിപിഐഎം നേതാവ് എ.കെ. ബാലൻ രംഗത്ത്. രണ്ടും രണ്ട് പാർട്ടികളാണെന്നും അതുകൊണ്ടുതന്നെ അവരവരുടെ രാഷ്ട്രീയ നയങ്ങൾ തുറന്നുപറയാൻ ഇരുപാർട്ടികൾക്കും അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞത് സിപിഐഎമ്മിന്റെ ഔദ്യോഗിക നിലപാടാണെന്നും, മുൻകാല അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം ആ അഭിപ്രായം പറഞ്ഞതെന്നും എ.കെ. ബാലൻ കൂട്ടിച്ചേർത്തു. ബിനോയ് വിശ്വം പറഞ്ഞത് സിപിഐയുടെ നിലപാടാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടതുമുന്നണിയിൽ യാതൊരുവിധ ഭിന്നതയുമില്ലെന്നും അദ്ദേഹം പറഞ്ഞു. സന്തോഷ് കുമാറിന് രാജ്യസഭാ സീറ്റ് നൽകിയതുമായി ബന്ധപ്പെട്ട് മുൻപ് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായെങ്കിലും പിണറായി വിജയനും ബിനോയ് വിശ്വവും ഉൾപ്പെടെയുള്ള നേതാക്കൾ അത് ചർച്ച ചെയ്ത് പരിഹരിച്ചതാണെന്ന് എ.കെ. ബാലൻ ഓർമ്മിപ്പിച്ചു. പി.എം. ശ്രീ വിഷയത്തിലും സമാനമായ രീതിയിൽ ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടതുമുന്നണിയുടെ ഹൃദയവും തലച്ചോറുമാണ് സിപിഐയും സിപിഐഎമ്മും എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഈ ബന്ധം ഒരു കാരണവശാലും തകരില്ലെന്നും അണികളും നേതാക്കളും തമ്മിലുള്ള ബന്ധം സമാനതകളില്ലാത്തവിധം ശക്തമാണെന്നും പറഞ്ഞു. ചെങ്കൊടിയുടെ ഒരു കഷണം കിട്ടാൻ കാത്തിരിക്കുകയാണ് യു.ഡി.എഫ് എന്നും, ഇളകുന്ന ആടിന്റെ അകിട് കണ്ട് പിന്നാലെ ഓടുന്ന കുറുക്കനെപ്പോലെയാണ് അവരുടെ അവസ്ഥയെന്നും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
മുസ്ലിം ലീഗിനും കോൺഗ്രസിനും എതിരേയും എ.കെ. ബാലൻ ആഞ്ഞടിച്ചു. ലീഗ് പ്രതിസന്ധിയിലായപ്പോഴൊക്കെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സഹായം തേടിയിട്ടുണ്ടെന്നും, എന്നാൽ നിലവിൽ ലീഗിൽ മതനിരപേക്ഷ ശക്തികൾ നേതൃത്വത്തിനെതിരെ രംഗത്തുവന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ ജമാഅത്തെ ഇസ്ലാമി പ്രവർത്തകരെ ഉൾപ്പെടുത്തിയതിനെച്ചൊല്ലി ലീഗിൽ പരസ്യമായ എതിർപ്പുകൾ നിലവിലുണ്ട്.
കൂടാതെ, വന്ദേമാതരം മുതൽ വഖഫ് വരെയുള്ള വിഷയങ്ങളിൽ വി.ഡി. സതീശൻ സ്വീകരിച്ച നിലപാടുകളിൽ കോൺഗ്രസിനുള്ളിൽത്തന്നെ വലിയ വിയോജിപ്പുണ്ടെന്നും എ.കെ. ബാലൻ കൂട്ടിച്ചേർത്തു. അടുത്ത മാസം കോഴിക്കോട് നടക്കുന്ന സിപിഐഎം സ്പെഷ്യൽ സമ്മേളനത്തിന് ശേഷം പാർട്ടി സംഘടന കൂടുതൽ കരുത്താർജിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.



