എളയാവൂർ മണ്ണിടിച്ചിൽ: ഡിസൈൻ പാളിച്ചയെന്ന് പിണറായി; എൻഎച്ച്എഐക്കെതിരെ രൂക്ഷ വിമർശനം

കണ്ണൂർ: എളയാവൂരിലെ മണ്ണിടിച്ചിൽ ദേശീയപാത അതോറിറ്റിക്കെതിരെ വിമർശനവുമായി പിണറായി വിജയൻ രംഗത്ത്. അപകടത്തിന് കാരണം ഡിസൈനിലെ പാളിച്ചയാണ്. 2023ൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടും ഇടപെട്ടില്ലെന്നും ഇനിയൊരു അപകടം ഉണ്ടാകരുതെന്നും പിണറായി വിജയൻ പറഞ്ഞു. മണ്ണിടിഞ്ഞ സ്ഥലം സന്ദർശിച്ചതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്.
ഇന്നലെയാണ് എളയാവൂരിൽ ദേശീയ പാത നിർമ്മാണം നടക്കുന്ന സ്ഥലത്ത് സംരക്ഷണഭിത്തി ഇടിഞ്ഞ് മണ്ണ് താഴേക്ക് അമർന്നത്. 2023ല് വലിയ തോതിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലമാണിത്. വിദഗ്ധ പരിശോധന നടത്തണമെന്നും ശാശ്വത പരിഹാരം വേണമെന്നും സ്ഥലം സന്ദർശിച്ച പിണറായി വിജയൻ പറഞ്ഞു. അതേസമയം, പ്രദേശത്ത് എൻഎച്ച്എഐ (NHAI)യും കരാറുകാരും ചേർന്നുള്ള സുരക്ഷാ പരിശോധന തുടങ്ങി. എല്ലാ ദിവസവും റിപ്പോർട്ട് നൽകണമെന്നാണ് കണ്ണൂർ കളക്ടറുടെ നിർദേശം. മണ്ണുപാളി വഴുതി മാറുന്ന വെഡ്ജ് മൂവ്മെന്റ് എന്ന പ്രതിഭാസമാണ് ഇന്നലത്തെ മണ്ണിടിച്ചിലിന് കാരണം എന്നാണ് എൻഎച്ച്എഐ യുടെ പ്രാഥമിക റിപ്പോർട്ട്.



