നിതിൻ രാജിന്റെ മരണം: മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തതിലെ വീഴ്ച; ഡിവൈഎസ്പി സുധീർ കല്ലന് സസ്പെൻഷൻ

കൊച്ചി: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുഖ്യപ്രതി ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്തതിലെ വീഴ്ചയിൽ ഡിവൈഎസ്പി സുധീർ കല്ലനെ സസ്പെൻഡ് ചെയ്തു. സുധീർ കല്ലനെതിരെ നടപടി സ്വീകരിക്കാത്തതിൽ കഴിഞ്ഞ ദിവസം ഹൈക്കോടതി ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് നടപടി.
കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സുധീർ കല്ലനെ സസ്പെൻഡ് ചെയ്യാത്തതിലായിരുന്നു കോടതിയുടെ പ്രധാന വിമർശനം. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പൊലീസ് പ്രതിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചുവെന്ന് നേരത്തെ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് ഡിവൈഎസ്പിക്കെതിരെ നടപടി സ്വീകരിക്കാനും നിർദേശിച്ചിരുന്നു.
സുധീർ കല്ലൻ ഇപ്പോഴും സർവീസിൽ തുടരുന്നത് ആഭ്യന്തര വകുപ്പിന്റെ പരാജയമാണെന്നും ഹൈക്കോടതി വിമർശിച്ചിരുന്നു. എഡിജിപി എം.ആർ. അജിത് കുമാർ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി സ്വീകരിച്ചപ്പോൾ സുധീർ കല്ലനെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചിരുന്നു.
ഒളിവിൽ കഴിഞ്ഞിരുന്ന ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്തപ്പോൾ നടപടിക്രമങ്ങൾ പാലിക്കാത്തതിനെ തുടർന്ന് പ്രതിക്ക് ജാമ്യം ലഭിച്ചിരുന്നു. പൊലീസ് മനഃപൂർവം വരുത്തിയ വീഴ്ചയാണ് ഇതെന്ന് കേസ് പരിഗണിച്ച ഘട്ടത്തിൽ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
കോടതിയുടെ രൂക്ഷവിമർശനത്തിന് പിന്നാലെയാണ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി സുധീർ കല്ലനെ സസ്പെൻഡ് ചെയ്തിരിക്കുന്നത്.



