വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാന്റെ മൊഴിയുടെയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

0

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാന്റെ മൊഴിയുടെയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. അഫാൻ രണ്ടുപേരെ കൂടി കൊല്ലാൻ പദ്ധതിയിട്ടിരുന്നുവെന്ന് പൊലീസിന് മൊഴി നൽകി. തട്ടത്തുമലയിൽ താമസിക്കുന്ന ഉറ്റബന്ധുക്കളായ അമ്മയെയും മകളെയുമാണ് കൊല്ലാൻ പദ്ധതിയിട്ടതെന്നാണ് അഫാന്റെ മൊഴിയിൽ പറയുന്നത്. മനോരമയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്


ആശുപത്രിയിൽ അഫാനെ സന്ദർശിച്ച മാനസികാരോഗ്യ വിദഗ്ധനോടാണ് പ്രതി ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്. ബന്ധുക്കളോട് 5 ലക്ഷം രൂപ കടം ചോദിച്ചിരുന്നെന്നും ഇത് നൽകാത്തതിൽ അവരോട് പക തോന്നിയെന്നും അഫാൻ പറഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മുത്തശ്ശി, പിതൃസഹോദരൻ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ, പെൺസുഹൃത്ത് ഫർസാന, ഇളയ സഹോദരൻ അഫ്സാൻ, മാതാവ് ഷെമീന എന്നിവരെ കൊലപ്പെടുത്തിയതിനുശേഷം ബന്ധുക്കളെ കൊല്ലാൻ ആയിരുന്നു പദ്ധതിയിട്ടിരുന്നതെന്നും എന്നാൽ അനിയന്റെ മരണം തന്നെ തളർത്തികളഞ്ഞുവെന്നും അഫാൻ പറഞ്ഞുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

അതേസമയം, കുടുംബത്തിന് വലിയ സാമ്പത്തിക പ്രശ്നം ഉണ്ടായിരുന്നില്ലെന്നാണ് അഫാന്റെ പിതാവ് ആവർത്തിച്ച് പറയുന്നത്. കുടുംബവുമായി എന്നും സംസാരിച്ചിരുന്നു. കൊലപാതകം നടക്കുന്നതിന് ഒരാഴ്ച മുൻപ് അഫാനോട് സംസാരിച്ചിരുന്നുവെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. തന്റെ യാത്രാവിലക്ക് ഒഴിവാക്കാൻ വീട്ടിൽ നിന്നും തനിക്ക് സാമ്പത്തിക സഹായം ഒന്നും ലഭിച്ചിട്ടില്ലെന്നും അബ്ദുൽ റഹീം പറഞ്ഞു. എന്താണ് തന്റെ കുടുംബത്ത് സംഭവിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും പോലീസ് ഇക്കാര്യം അന്വേഷിച്ച് കണ്ടത്തട്ടെയെന്നും അബ്ദുൽ റഹീം കൂട്ടിച്ചേർത്തു


അഫാന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനാൽ ഇന്ന് ജയിലിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമാണ് ഇന്ന് ആശുപത്രിയിൽ നിന്നും മാറ്റുന്നത്. മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തി അഫാനെ കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്തിരുന്നു. അതേസമയം, കൊലപാതകത്തിലേക്ക് നയിച്ചത് കടബാധ്യതയാണെന്നാണ് അഫാൻ പറയുന്നത്.

തനിക്കും അമ്മയ്ക്കും കൂടി 75 ലക്ഷം രൂപ കടമുണ്ട്. പണത്തിനായി പ്രതി കാറും ബുള്ളറ്റും വിറ്റുമെന്നും പോലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. അഫാൻ ലഹരി ഉപയോഗിക്കുന്നുണ്ടോ എന്ന കാര്യത്തിൽ കൂടി വ്യക്തത വരണമെന്നും പോലീസ് പറയുന്നു. എന്നാൽ ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ടുകളിൽ ഒന്നും അഫാൻ ലഹരി ഉപയോഗിക്കുന്നതുമായ ബന്ധപ്പെട്ട വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here