എൽഡിഎഫിൽ വീണ്ടും പ്രതിപക്ഷ ഉപനേതാവ് തർക്കം

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലിയുള്ള തർക്കം എൽഡിഎഫിൽ വീണ്ടും ചൂടുപിടിക്കുന്നു. പിണറായി വിജയന്റെ പ്രസ്താവന കേന്ദ്രനേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയ സിപിഐ, വിഷയത്തിൽ സിപിഎം കേന്ദ്രനേതൃത്വം ഇടപെടണമെന്ന ആവശ്യത്തിലാണ്. ജനറൽ സെക്രട്ടറി ഡി. രാജ വീണ്ടും സിപിഎം കേന്ദ്രനേതൃത്വവുമായി സംസാരിക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം. ഉഭയകക്ഷി ചർച്ചകൾ നടക്കുന്നതിനിടെ സിപിഐയുടെ ആവശ്യം പരസ്യമായി തള്ളിയത് പാർട്ടിക്ക് അഭിമാനപ്രശ്നമായിരിക്കുകയാണ്.
സിപിഐയുടെ സമ്മർദങ്ങൾക്ക് ഇനി വഴങ്ങേണ്ടതില്ലെന്ന നിലപാടിലാണ് സിപിഎമ്മിലെ പ്രബല വിഭാഗം. ഇക്കാര്യത്തിൽ സിപിഐയുമായി ഇനി ചർച്ചയുടെ ആവശ്യമില്ലെന്ന നിലപാടാണ് പിണറായി വിജയന്റേത്. നേരത്തെ ഒരുതവണ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
അതിനുശേഷവും ചർച്ചകൾ നടന്നെങ്കിലും, ഉപനേതാവായി സ്വന്തം പാർട്ടിക്കാരനെ നിർദേശിച്ച് ആവശ്യമെങ്കിൽ സ്പീക്കർക്ക് കത്ത് നൽകുമെന്ന പിണറായിയുടെ പ്രസ്താവന സിപിഐ നേതൃത്വത്തെ ഞെട്ടിച്ചു. കഴിഞ്ഞ എൽഡിഎഫ് യോഗത്തിൽ സിപിഐയുടെ അവകാശവാദം തള്ളി വിഷയം തീർപ്പാക്കണമെന്ന നിലപാടിലായിരുന്നു സിപിഎം. മറ്റു ഘടകകക്ഷികളുടെ പിന്തുണയും സിപിഎം തേടിയിരുന്നു. ഇതറിഞ്ഞ സിപിഐയും ഘടകകക്ഷികളെ ബന്ധപ്പെട്ടു. വിഷയത്തിൽ കക്ഷിയാകരുതെന്ന് ബിനോയ് വിശ്വം അവരോട് ആവശ്യപ്പെട്ടു.
സിപിഐയുടെ സെക്രട്ടേറിയറ്റ് വിഷയം ചർച്ച ചെയ്തതിന് പിന്നാലെ എം.വി. ഗോവിന്ദനെയും ടി.പി. രാമകൃഷ്ണനെയും ബിനോയ് വിശ്വം കണ്ടു. എൽഡിഎഫിലെ ഭൂരിപക്ഷം ഉപയോഗിച്ച് തങ്ങളുടെ ആവശ്യം തള്ളാനാണ് നീക്കമെങ്കിൽ പ്രത്യാഘാതം വലുതായിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. തുടർന്ന് വിഷയം മുന്നണി യോഗത്തിന്റെ അജൻഡയിൽ ഉൾപ്പെടുത്തില്ലെന്ന ഉറപ്പ് സിപിഎം നേതൃത്വത്തിൽനിന്ന് വാങ്ങി. ഘടകകക്ഷികളിൽ ആരെങ്കിലും വിഷയം ഉന്നയിച്ചാലും ഇത് സിപിഎമ്മും സിപിഐയും തമ്മിലുള്ള ചർച്ചയാണെന്നും മുന്നണിക്കു മുന്നിൽ കൊണ്ടുവരേണ്ടതില്ലെന്നും ധാരണയായി. കഴിഞ്ഞ മുന്നണി യോഗത്തിൽ ആരും വിഷയം ഉന്നയിച്ചതുമില്ല.
അതേസമയം, കഴിഞ്ഞദിവസം ചേർന്ന സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഎം കടുംപിടിത്തം തുടരുന്നതിനെതിരെ ശക്തമായ വിമർശനമുയർന്നു. പാർട്ടിയുടെ ശക്തികേന്ദ്രമായ കൊല്ലത്തുനിന്നുള്ള അംഗങ്ങളാണ് വിമർശനത്തിൽ മുന്നിൽ. സമീപനം മാറിയില്ലെങ്കിൽ പ്രത്യേക ബ്ലോക്കായി ഇരിക്കുന്നതും മുന്നണി വിടുന്നതുമടക്കം ആലോചിക്കണമെന്ന അഭിപ്രായവും ഉയർന്നു. ഉപനേതാവായി സിപിഎം പരിഗണിക്കുന്ന
കെ.എൻ. ബാലഗോപാൽ കൊട്ടാരക്കരയിൽ 1012 വോട്ടിന് ജയിച്ചത് സിപിഐ പ്രവർത്തകരുടെ ആത്മാർഥമായ ഇടപെടൽ കൊണ്ടാണെന്നും അവർ ചൂണ്ടിക്കാട്ടി. അതേസമയം, കിട്ടാവുന്ന അവസരങ്ങളിലെല്ലാം സിപിഐ പാർട്ടിയെ വിമർശിക്കുന്ന സാഹചര്യത്തിൽ ഇനി അനുനയം വേണ്ടെന്ന വികാരമാണ് സിപിഎമ്മിൽ ശക്തമാകുന്നത്. തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ വിഷയം ഉയർത്തിയതും കമ്മിറ്റികളിൽ സിപിഎമ്മിനെതിരെ നിരന്തരം ചർച്ച നടത്തുന്നതും പലതും പുറത്തുവരുന്നതും സിപിഐ സെക്രട്ടറി തന്നെ വിമർശനം ഉന്നയിക്കുന്നതും സിപിഎം നിഷ്കളങ്കമായി കാണുന്നില്ല



