മുല്ലപ്പെരിയാറിൽ നിലപാട് ആവർത്തിച്ച് കേരളം; പുതിയ അണക്കെട്ട് വേണമെന്ന് വി.ഡി. സതീശൻ, 152 അടി വേണമെന്ന് തമിഴ്നാട്

ചെന്നൈ: ദക്ഷിണ മേഖല കൗൺസിൽ യോഗത്തിൽ മുല്ലപ്പെരിയാർ വിഷയത്തിൽ നിലപാട് ആവർത്തിച്ച് കേരളം. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കണമെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ആവശ്യപ്പെട്ടത്. പുതിയ അണക്കെട്ടിന്റെ മുഴുവൻ ചെലവും കേരളം വഹിക്കുമെന്നും അണക്കെട്ടിനുള്ള സ്ഥലം തമിഴ്നാടിന് തീരുമാനിക്കാമെന്നും സതീശൻ വ്യക്തമാക്കി.
അതേസമയം മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാട് നിലപാടിൽ ഉറച്ചുനിന്നു. അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയർത്തണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ആവശ്യപ്പെട്ടു.
മണ്ഡല പുനർനിർണയത്തിലും വ്യത്യസ്ത നിലപാട്
മണ്ഡല പുനർനിർണയത്തിൽ നിലവിലെ 543 ലോക്സഭാ സീറ്റുകൾ നിലനിർത്തണമെന്ന് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. നിലവിലെ സീറ്റെണ്ണത്തിന്റെ അടിസ്ഥാനത്തിൽ വനിതാ സംവരണം നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം സംസ്ഥാനങ്ങളുടെ ആനുപാതിക പ്രതിനിധ്യം കുറയരുതെന്നാണ് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ആവശ്യപ്പെട്ടത്. എന്നാൽ നിയമസഭ പാസാക്കിയ പ്രമേയത്തിലെ സീറ്റ് മരവിപ്പിക്കണമെന്ന ആവശ്യം ദക്ഷിണ മേഖല കൗൺസിലിൽ തമിഴ്നാട് ആവർത്തിച്ചില്ല. നീറ്റ് പരീക്ഷ ഒഴിവാക്കണമെന്ന ആവശ്യവും തമിഴ്നാട് ഉന്നയിച്ചു.
കാവേരി വിഷയത്തിൽ കോടതി വിധിയുടെ അടിസ്ഥാനത്തിലായിരിക്കണം നടപടികളെന്ന് വിജയ് ആവശ്യപ്പെട്ടു. സുപ്രീംകോടതി വിധിയും ട്രൈബ്യൂണൽ തീരുമാനവും നടപ്പാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിന്റെ മറ്റ് ആവശ്യങ്ങൾ
അന്തർസംസ്ഥാന സർവീസുകൾ നടത്തുന്ന കെഎസ്ആർടിസി ബസുകൾക്ക് ടോൾ ഒഴിവാക്കണമെന്നും കേരളം ആവശ്യപ്പെട്ടു. ബന്ദിപ്പൂർ രാത്രി യാത്രാനിരോധനം പുനഃപരിശോധിക്കണമെന്നും കേരളം ആവശ്യപ്പെട്ടു. നിലവിലെ നിരോധനത്തിന് ശാസ്ത്രീയമായ പിൻബലമില്ലെന്നും ശാസ്ത്രീയ പരിശോധനകൾ നടത്തി നിയന്ത്രണങ്ങളിൽ പുനഃക്രമീകരണം നടത്തണമെന്നും കേരളം ആവശ്യപ്പെട്ടു.



