അമ്പലപ്പുഴയിൽ ഒന്നരവയസുകാരൻ ട്രെയിൻ തട്ടി മരിച്ച സംഭവം; ദുരൂഹതയെന്ന് നാട്ടുകാർ, അന്വേഷണം തുടങ്ങി

ആലപ്പുഴ: അമ്പലപ്പുഴയിൽ ഒന്നരവയസുകാരൻ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ. സംഭവത്തിൽ കൂടുതൽ അന്വേഷണം വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. കുട്ടി എങ്ങനെയാണ് ഉയരത്തിലുള്ള റെയിൽവേ ട്രാക്കിലേക്ക് കുറ്റിച്ചെടികൾക്കിടയിലൂടെ എത്തിയത് എന്നതാണ് നാട്ടുകാരിൽ പ്രധാനമായും ഉയരുന്ന സംശയം.
അമ്പലപ്പുഴ കക്കാഴം പുതുവൽ വിനീതിന്റെ മകൻ ത്രിണവാണ് ഇന്നലെ വൈകുന്നേരം ട്രെയിൻ തട്ടി മരിച്ചത്. കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന മെമു ട്രെയിൻ വൈകിട്ട് ആറുമണിയോടെ കുട്ടിയെ ഇടിക്കുകയായിരുന്നു.
വീടിന് സമീപത്തെ റെയിൽവേ ട്രാക്കിലേക്ക് കുട്ടി ഇഴഞ്ഞെത്തിയതാകാമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ, സാധാരണയായി അറിയുന്ന പരിധിക്കപ്പുറം പോകാത്ത കുട്ടി ഇത്രയും ദൂരം നടന്ന്, ഉയരമുള്ള വഴിയിലൂടെ കയറി ട്രാക്കിലെത്തിയെന്നത് വിശ്വസിക്കാനാകില്ലെന്നാണ് പ്രദേശവാസികളുടെ പ്രതികരണം.
സംഭവത്തിൽ ഉയർന്ന സംശയങ്ങളുടെ പശ്ചാത്തലത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.



