വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; ട്രംപിന്റെ ഹെലികോപ്റ്ററുമായി ബന്ധപ്പെട്ട സംഭവത്തിൽ അന്വേഷണം

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സഞ്ചരിച്ച സൈനിക ഹെലികോപ്റ്ററായ മറൈൻ വണ്ണും ഒരു യാത്രാവിമാനവും അപകടകരമായ രീതിയിൽ അടുത്തെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും (എഫ്എഎ) നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും (എൻടിഎസ്ബി) സംയുക്തമായാണ് അന്വേഷണം നടത്തുന്നത്.
വൈറ്റ് ഹൗസിൽ നിന്ന് ആൻഡ്രൂസ് എയർഫോഴ്സ് ബേസിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം നടന്നത്. എയർ ട്രാഫിക് കൺട്രോളുമായുള്ള ആശയവിനിമയത്തിലെ തടസമാണ് ഹെലികോപ്റ്ററും യാത്രാവിമാനവും അപകടകരമായ രീതിയിൽ അടുത്തെത്താൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
ഓഗസ്റ്റ് 4-ന് വാഷിംഗ്ടണിന് മുകളിലെ വ്യോമപാതയിലാണ് സംഭവം ഉണ്ടായതെന്ന് ഒരു അമേരിക്കൻ മാധ്യമം റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും യാത്ര സുരക്ഷിതമായി പൂർത്തിയായെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
മറൈൻ വൺ ഏറ്റവും പ്രാവീണ്യമുള്ള സൈനിക പൈലറ്റുമാരാണ് പറത്തുന്നതെന്ന് വൈറ്റ് ഹൗസ് വക്താവ് പ്രതികരിച്ചു. സംഭവത്തിന്റെ എല്ലാ സാഹചര്യങ്ങളും വിശദമായി പരിശോധിക്കുകയാണെന്ന് അന്വേഷണ ഏജൻസികൾ അറിയിച്ചു.
2025 ജനുവരിയിൽ വാഷിംഗ്ടണിന് സമീപം ഒരു യാത്രാവിമാനവും സൈനിക ഹെലികോപ്റ്ററും കൂട്ടിയിടിച്ച് 67 പേർ മരിച്ച അപകടത്തിന് പിന്നാലെ അമേരിക്കയിൽ വ്യോമസുരക്ഷാ മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കിയിരുന്നു. അതിനിടെയാണ് ട്രംപിന്റെ ഹെലികോപ്റ്ററുമായി ബന്ധപ്പെട്ട ഈ സംഭവം വീണ്ടും സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചുള്ള ആശങ്ക ഉയർത്തിയിരിക്കുന്നത്.



