‘അനീഷേട്ടൻ ട്രെൻഡിങ്ങായി, ഡയലോഗുകൾ റീലുകളായി’; വൈറൽ വിജയത്തിൽ ഞെട്ടിയെന്ന് അനീഷ്

ബി​ഗ് ബോസ് മലയാളം സീസൺ 7ലെ ഏറ്റവും ശ്രദ്ധേയനായ മത്സരാർത്ഥിയാണ് അനീഷ് തറയിൽ. സീസണിലെ കോമണർ മത്സരാർത്ഥി എന്ന ലേബലിൽ എത്തിയ അനീഷ് ഫസ്റ്റ് റണ്ണറപ്പായാണ് ഷോയിൽ നിന്നും പുറത്തുവന്നത്. ഏറ്റവും കൂടുതൽ ആരാധകരേയും സ്വന്തമാക്കിയ അനീഷ് വരാൻ പോകുന്ന ബി​ഗ് ബോസ് മലയാളം സീസൺ 8ലെ കോമണർ മത്സരാർത്ഥികൾക്ക് ആശംസകൾ അറിയിക്കുകയാണ് ഇപ്പോൾ. ഷോയ്ക്ക് ശേഷമുള്ള തന്റെ ജീവിതം പറഞ്ഞ അനീഷ്, നിങ്ങൾക്ക് സത്യസന്ധമായ ഒരു ലക്ഷ്യമുണ്ടെങ്കിൽ, ആ ലക്ഷ്യത്തിൽ നിന്ന് ആർക്കും നിങ്ങളെ പിന്തിരിപ്പിക്കാനാവില്ലെന്നും പറഞ്ഞു.

അനീഷ് തറയലിന്റെ വാക്കുകൾ ഇങ്ങനെ

ഞാൻ അനീഷ് തറയിൽ… ബിഗ് ബോസ് ഷോയിലൂടെ ജീവിതം തന്നെ മാറിമറിഞ്ഞ വ്യക്തി എന്ന് പറയുന്നതാവും കൂടുതൽ ശരി. ആ ഷോയ്ക്ക് ശേഷം എവിടെ പോയാലും തിരിച്ചറിയപ്പെടുകയും, സെൽഫി എടുക്കുകയും ഒക്കെ ചെയ്യുമ്പോൾ, കിട്ടിയ അവസരത്തിന്റെ മഹിമ ഈയുള്ളവൻ മനസ്സിലാക്കുന്നു. ചെറിയ കുട്ടികൾ തൊട്ട്മുതിർന്ന തലമുറ വരെ ഉള്ളവരുടെ മനസ്സിൽ കയറുക എന്നത് ഒരിക്കലും ചെറിയ കാര്യമല്ല.ആ തിരിച്ചറിവ് എല്ലായ്‌പ്പോഴും എനിക്കുണ്ട്.

സുപ്രഭാതം എന്ന വാക്ക് ട്രെൻഡിങ് ആയതിൽ എന്റെ ഉള്ളിലെ എഴുത്തുകാരൻ ഏറെ സന്തോഷിക്കുന്നു. റിയാലിറ്റി ഷോ കഴിഞ്ഞ് നിരവധി പരസ്യങ്ങളുടെയും, പ്രോഗ്രാമുകളുടെയും, ഉദ്ഘാടനങ്ങളുടെയും ഭാഗമാവാനും കോളേജ്, സ്കൂൾ തുടങ്ങി അനേകം സ്ഥലങ്ങളിൽ ഗസ്റ്റായി പോവാനും സാധിച്ചു. ഏഷ്യാനെറ്റിന്റെയും ഭാഗമായി.ചുരുക്കിപ്പഞ്ഞാൽ ജീവിതത്തിന് പോസിറ്റീവ് ഗതിവേഗം കൈവന്നു. ബിഗ്ഗ്ബോസ്സിന് ശേഷം നിരവധി പുരസ്കാരങ്ങളും അവാർഡുകളും കിട്ടിയതിലും അഭിമാനമുണ്ട്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ കയ്യിൽ നിന്ന് പുരസ്കാരം ലഭിച്ച നിമിഷം അത്രമേൽ പ്രിയപ്പെട്ടതാണ്. 

ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും, വിവിധ രാജ്യങ്ങളിൽ നിന്നും ഫോൺ കോളുകൾ തേടിയെത്തി. സോഷ്യൽ മീഡിയയിൽ അനീഷേട്ടൻ ട്രെൻഡിങ്ങായി. എന്റെ ഡയലോഗുകൾ ആളുകൾ റീലുകളാക്കി. റീലുകൾ വൈറലായി. ശബ്ദം മിമിക്രിക്കാർ സ്റ്റേജ് ഷോകളിൽ അനുകരിച്ചു. സിനിമ മേഖലയിലും, ടെലിവിഷൻ മേഖലയിലും ഉള്ള നിരവധി പേർ വിളിച്ച് അഭിനന്ദിച്ചപ്പോൾ ശരിക്കും ഞെട്ടലുണ്ടായി. ഒരുപാട് പ്രഗൽഭരുമായി കോൺടാക്ട് വെക്കാനും സാധിച്ചു. നല്ല സൗഹൃദങ്ങളെ ഹൃദയത്തോട് ചേർത്തു വെച്ചു.

കോൺഫിഡന്റ് ഗ്രൂപ്പിന്റെ cash പ്രൈസ് വലിയൊരു സർപ്രൈസ് ആയിരുന്നു. MyG ഗൃഹോപകരണങ്ങൾ തന്നു. രണ്ടാമത്തെ പുസ്‌തകം കതിരാളനും,ആദ്യപുസ്‌തകം എൻ നേരം തുഴഞ്ഞിനും ഒരുപാട് വായനക്കാരുണ്ടായി. മലയാളികളുടെ സ്വീകരണ മുറിയിൽ അനീഷ് തറയിലിനെ എത്തിച്ച ബിഗ് ബോസ്സിനും,ഏഷ്യാനെറ്റിനും എത്ര നന്ദി പറഞ്ഞാലും തീരില്ല. അത് എല്ലാകാലത്തും അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും. ഈ അവസരത്തിൽ കുടുംബത്തിന്റെ സപ്പോർട്ടും, എന്നെ സ്നേഹിക്കുന്നവരുടെ സപ്പോർട്ടും ഭാഗ്യമായി കരുതുന്നു.

ഷോയിൽ കൂടുതൽ കോമണർ മത്സരാർഥികൾ വരണം എന്ന നിലപാടെടുത്ത വ്യക്തിയാണ് ഞാൻ. അതിപ്പോൾ യാഥാർത്ഥ്യമാവുകയാണ്. ബിഗ്ഗ്ബോസ്സിൽ എത്തുന്നതിനു വേണ്ടിയുള്ള അഗ്നി പരീക്ഷയ്ക്ക് തയ്യാറാവുന്ന കോമണർ കണ്ടെസ്റ്റൻസിന് എല്ലാവിധ ആശംസകളും നേരുന്നു. നിങ്ങൾക്ക് സത്യസന്ധമായ ഒരു ലക്ഷ്യമുണ്ടെങ്കിൽ, ആ ലക്ഷ്യത്തിൽ നിന്ന് ആർക്കും നിങ്ങളെ പിന്തിരിപ്പിക്കാനാവില്ല. വിശ്വസിക്കുക, അവനവനിൽ അടിയുറച്ച് വിശ്വസിക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button