ഹെലികോപ്റ്റർ യാത്ര വിവാദം: നിക്ഷേപക സംഘത്തെ കാണാനായിരുന്നു യാത്രയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: സ്വകാര്യ ആവശ്യത്തിനല്ല, നിക്ഷേപക സംഘത്തെ കാണുന്നതിനായാണ് ഹെലികോപ്റ്റർ യാത്ര നടത്തിയതെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി വി.ഡി. സതീശൻ. പഴയ മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയെ താൻ വിമർശിച്ചിട്ടില്ലെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

വന്ദേ ഭാരത് ട്രെയിൻ ബുക്ക് ചെയ്തിരുന്നെങ്കിലും നിക്ഷേപക സംഘം നേരത്തെ കൂടിക്കാഴ്ച ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഹെലികോപ്റ്റർ ഉപയോഗിച്ചതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. യാത്ര ചെയ്താലും ഇല്ലെങ്കിലും ഹെലികോപ്റ്ററിനായി 80 ലക്ഷം രൂപ നൽകേണ്ട സാഹചര്യമുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർട്ടി സമ്മേളനത്തിൽ പങ്കെടുത്തിട്ടില്ലെന്നും ഔദ്യോഗിക ആവശ്യത്തിനായാണ് യാത്ര നടത്തിയതെന്നും സർക്കാർ താൽപര്യത്തിനാണ് സന്ദർശനമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, കൂടിക്കാഴ്ച നടത്തിയ നിക്ഷേപക സംഘത്തിന്റെ പേര് വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. “ഇനി അവരെയും വിവാദത്തിലേക്ക് വലിച്ചിഴക്കണോ? അത് പറയേണ്ട ആവശ്യമില്ല” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പ്രളയക്കെടുതി: പത്തനംതിട്ടയിൽ പ്രത്യേക സന്നാഹം

സംസ്ഥാനത്തെ മഴക്കെടുതി വിലയിരുത്താൻ അടിയന്തര യോഗം ചേർന്നതായും പ്രളയസാഹചര്യം നേരിടാൻ പത്തനംതിട്ടയിൽ പ്രത്യേക സന്നാഹം ഒരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇതുവരെ മഴക്കെടുതിയിൽ 15 പേർ മരിക്കുകയും 7 പേരെ കാണാതാകുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് 316 ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്നുണ്ടെന്നും 165 ഹെക്ടർ കൃഷിയിടത്തിൽ നാശനഷ്ടമുണ്ടായതായും വ്യക്തമാക്കി.

ഡാമുകളിൽ നിന്ന് വെള്ളം തുറന്നുവിടുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും അത്തരം വ്യാജപ്രചാരണങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button