അവധി അപേക്ഷ തള്ളുമോ കൗൺസിൽ? സുഗതന്റെ അംഗത്വത്തിൽ ഇന്ന് നിർണായക നീക്കം

തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന ബി.ജെ.പി കൗൺസിലർ സുഗതന്റെ അംഗത്വം നഷ്ടപ്പെടാതിരിക്കാൻ സമർപ്പിച്ച അവധി അപേക്ഷ ഇന്ന് തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലിൽ ചർച്ചയാകുന്നതോടെ യോഗം കലുഷിതമാകാൻ സാധ്യത.
വാഴോട്ടുകോണം വാർഡ് കൗൺസിലറായ സുഗതന്റെ അവധി അപേക്ഷ മേയർ വി. വി. രാജേഷ് കൗൺസിലിന്റെ അംഗീകാരത്തിനായി അവതരിപ്പിക്കും. എന്നാൽ അപേക്ഷയെ ശക്തമായി എതിർക്കാനാണ് എൽ.ഡി.എഫും യു.ഡി.എഫും തീരുമാനിച്ചിരിക്കുന്നത്. അപേക്ഷ തള്ളുകയാണെങ്കിൽ തുടർച്ചയായി മൂന്ന് കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാത്തതിനാൽ മുനിസിപ്പൽ ആക്ട് പ്രകാരം സുഗതന് കൗൺസിലർ സ്ഥാനം നഷ്ടമാകും.
പ്രതിപക്ഷത്തിന്റെ ആവശ്യപ്രകാരം അപേക്ഷ വോട്ടെടുപ്പിന് വിട്ടാൽ കേവല ഭൂരിപക്ഷമുള്ള ബി.ജെ.പി ഭരണസമിതി പ്രതിരോധത്തിലാകും. 101 അംഗ കൗൺസിലിൽ ഒരു സ്വതന്ത്രന്റെ പിന്തുണയുൾപ്പെടെ ബി.ജെ.പിക്ക് 51 അംഗങ്ങളാണുള്ളത്. എൽ.ഡി.എഫിന് 29-ഉം യു.ഡി.എഫിന് 20-ഉം അംഗങ്ങളുണ്ട്. ഈ സാഹചര്യത്തിൽ യു.ഡി.എഫ് വിമത അംഗത്തിന്റെ നിലപാട് നിർണായകമാകുമെന്നാണ് വിലയിരുത്തൽ.
സാധാരണയായി ആരോഗ്യപരമായ കാരണങ്ങൾക്കാണ് കൗൺസിലർമാർക്ക് അവധി അനുവദിക്കാറുള്ളത്. കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന ഒരാൾക്ക് ഈ ഇളവ് ബാധകമല്ലെന്നാണ് എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും നിലപാട്. അതിനാൽ ഇന്നത്തെ കൗൺസിൽ യോഗം കടുത്ത രാഷ്ട്രീയ ഏറ്റുമുട്ടലിന് വേദിയാകാനാണ് സാധ്യത.



