കേതൻ അഗർവാൾ കൊലക്കേസ് നിർണായക ഘട്ടത്തിൽ; സിയ അഗർവാളിന് നുണപരിശോധന തേടി പൊലീസ്

മുംബൈ: മുംബൈയിൽ കോളിളക്കം സൃഷ്ടിച്ച കേതൻ അഗർവാൾ കൊലക്കേസിലെ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. കേസിലെ മുഖ്യപ്രതിയായ സിയ അഗർവാളിനെ നുണപരിശോധനയ്ക്ക് വിധേയയാക്കാൻ അനുമതി തേടി മുംബൈ പൊലീസ് കോടതിയെ സമീപിച്ചു.
കൊലപാതകത്തിൽ ദൃക്സാക്ഷികളോ വ്യക്തമായ സാഹചര്യത്തെളിവുകളോ ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് ശാസ്ത്രീയ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ഈ നടപടി സ്വീകരിക്കുന്നത്. നിലവിൽ, കേതനെ മലയിടുക്കിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയതെന്ന് സിയ നൽകിയ മൊഴിയാണ് അന്വേഷണസംഘത്തിന് ലഭ്യമായ പ്രധാന തെളിവ്.
എന്നാൽ ഈ മൊഴി മാത്രം ആശ്രയിച്ച് കോടതിയിൽ കുറ്റം തെളിയിക്കുക പ്രയാസമാണെന്ന് പൊലീസ് വിലയിരുത്തുന്നു. അതിനാലാണ് കേസ് കൂടുതൽ ശക്തമാക്കാൻ നുണപരിശോധനയെ ആശ്രയിക്കാൻ തീരുമാനിച്ചത്.
പ്രതികളായ സിയ അഗർവാളിന്റെയും കാമുകൻ ചേതൻ ചൗധരിയുടെയും മൊഴികൾ ഇതിനോടകം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ മൊഴികളിലെ വൈരുദ്ധ്യങ്ങൾ പരിശോധിക്കാനും കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്തുകൊണ്ടുവരാനും നുണപരിശോധന സഹായകരമാകുമെന്നാണ് അന്വേഷണസംഘത്തിന്റെ കണക്കുകൂട്ടൽ.
അതേസമയം, നുണപരിശോധനയുടെ നിയമപരമായ വശങ്ങളെക്കുറിച്ച് സിയയുടെ അഭിഭാഷകൻ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. പരിശോധനാഫലം കോടതിയിൽ നേരിട്ടുള്ള തെളിവായി സ്വീകരിക്കാറില്ലെന്നും, നടപടിക്ക് നിയമപരവും സാങ്കേതികവുമായ നിരവധി മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടാതെ, പ്രതിയുടെ സമ്മതമില്ലാതെ നുണപരിശോധന നടത്താൻ സാധിക്കില്ലെന്നതും നിയമപരമായ വലിയ വെല്ലുവിളിയായി തുടരുകയാണ്. കേസിലെ കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ പൊലീസിന്റെ ഈ നീക്കം എത്രത്തോളം ഫലപ്രദമാകുമെന്ന് കാത്തിരിക്കുകയാണ്.



