തിരുവനന്തപുരം കോർപ്പറേഷനിലെ കയ്യാങ്കളി; ബിജെപി കൗൺസിലർമാർക്കെതിരെ കേസ്

തിരുവനന്തപുരം കോർപ്പറേഷനിൽ നടന്ന കയ്യാങ്കളി സംഭവത്തിൽ ബിജെപി കൗൺസിലർമാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. കോൺഗ്രസ് വനിതാ കൗൺസിലർമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മ്യൂസിയം പൊലീസ് നടപടി സ്വീകരിച്ചത്.

ബിജെപി കൗൺസിലർമാരായ ചെമ്പഴന്തി ഉദയൻ, ഗിരി, പാപ്പനംകോട് സജി, വയൽക്കട രതീഷ് എന്നിവർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. കോൺഗ്രസ് വനിതാ കൗൺസിലർമാരായ ഷേർലി, അനിത അലക്സ് എന്നിവർ നൽകിയ പരാതിയിലാണ് നടപടി. ചെമ്പഴന്തി ഉദയനെയാണ് കേസിലെ ഒന്നാം പ്രതിയായി ഉൾപ്പെടുത്തിയിരിക്കുന്നത്. അതേസമയം, യുഡിഎഫ് കൗൺസിലർമാർക്കെതിരെയും ബിജെപി ഇന്ന് പൊലീസിൽ പരാതി നൽകുമെന്നാണ് വിവരം.

ഇന്നലെ തിരുവനന്തപുരം നഗരസഭ കൗൺസിൽ യോഗത്തിന് ശേഷമാണ് യുഡിഎഫ്-ബിജെപി കൗൺസിലർമാർ തമ്മിൽ സംഘർഷവും കയ്യാങ്കളിയും ഉണ്ടായത്. സുഗതന്റെ രാജി ആവശ്യപ്പെട്ട് യുഡിഎഫും എൽഡിഎഫും പ്രതിഷേധം നടത്തുന്നതിനിടെ, അജണ്ടകൾ അതിവേഗം പാസായതായി മേയർ പ്രഖ്യാപിച്ച് കസേര വിട്ടതോടെയാണ് സാഹചര്യം വഷളായത്.

ഹാജർ രജിസ്റ്ററിനെ ചൊല്ലിയുണ്ടായ പിടിവലിക്കിടെയാണ് മുൻ എംഎൽഎ കെ. എസ്. ശബരിനാഥനും ചെമ്പഴന്തി ഉദയനും തമ്മിൽ ഏറ്റുമുട്ടിയത്. കാപ്പാ കേസിൽ ജയിലിലുള്ള ആർ. സുഗതനെ രക്ഷിക്കാനാണ് ഉദയൻ രജിസ്റ്റർ പിടിച്ചുവാങ്ങിയതെന്നും വനിതാ കൗൺസിലർമാരെ കയ്യേറ്റം ചെയ്തെന്നുമാണ് യുഡിഎഫ് ആരോപണം. എന്നാൽ രജിസ്റ്ററിൽ വെള്ളമൊഴിക്കാനായിരുന്നു യുഡിഎഫ് ശ്രമമെന്ന് മേയർ വി. വി. രാജേഷ് മറുപടി ആരോപണം ഉന്നയിച്ചു. സംഭവത്തെ തുടർന്ന് രാഷ്ട്രീയ വിവാദം കൂടുതൽ ശക്തമായിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button