ലോഹാഗഡ് കൊലക്കേസിൽ പുതിയ വെളിപ്പെടുത്തൽ; സിയയ്ക്ക് എല്ലാം നേരത്തെ അറിയാമായിരുന്നെന്ന് കുടുംബം

മഹാരാഷ്ട്രയിലെ പുണെയിൽ വ്യവസായി കേതൻ അഗർവാളിനെ പ്രതിശ്രുതവധു സിയ ഗോയലും കാമുകനും ചേർന്ന് കൊക്കയിലേക്ക് തള്ളിവിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുകളുമായി കേതന്റെ കുടുംബം. കേതന്റെ മുടി കൊഴിച്ചിലും അദ്ദേഹം വിഗ് ഉപയോഗിച്ചതുമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന പ്രചാരണങ്ങൾ തള്ളി കേതന്റെ പിതാവ് വിശാൽ അഗർവാൾ. ചില ആരോഗ്യപ്രശ്നങ്ങൾ കാരണം കേതന് ചെറിയ രീതിയിൽ മുടി കൊഴിച്ചിൽ ഉണ്ടായിരുന്നുവെന്നും, വിവാഹനിശ്ചയത്തിന് മുൻപ് തന്നെ സിയയോടും അവരുടെ കുടുംബത്തോടും ഇക്കാര്യം തുറന്നു പറഞ്ഞിരുന്നതാണെന്നും പിതാവ് വ്യക്തമാക്കി.
വിഗ് ഉപയോഗിക്കുന്നത് ഒരു പ്രശ്നമായിരുന്നെങ്കിൽ സിയയ്ക്ക് വിവാഹത്തിൽ നിന്ന് പിന്മാറാമായിരുന്നുവെന്നും, അതിന് പകരം ഇത്രയും ക്രൂരമായ കൊലപാതകം ചെയ്യേണ്ടതില്ലായിരുന്നുവെന്നും കുടുംബം പറയുന്നു. തനിക്ക് ഈ വിവാഹത്തിന് താല്പര്യമില്ലെന്ന് കേതനോട് പറഞ്ഞിരുന്നതാണെന്നും എന്നാൽ നിശ്ചയം മാറ്റിവെക്കാൻ അദ്ദേഹം തയ്യാറായില്ലെന്നുമാണ് സിയ പോലീസിന് നൽകിയ മൊഴി. എന്നാൽ, വിവാഹം വേണ്ടെന്ന് വെച്ചാൽ കുടുംബത്തിന് അപമാനമാകുമെന്ന് ഭയന്നാണ് സിയ അതിന് മുതിരാതിരുന്നതെന്ന് കാമുകനും കൂട്ടുപ്രതിയുമായ ചേതൻ ചൗധരി പോലീസിനോട് വെളിപ്പെടുത്തി.
കേസ് അപകടമരണത്തിൽ നിന്ന് കൊലപാതകത്തിലേക്ക് എത്തിച്ചതിൽ പോലീസിന്റെ ശാസ്ത്രീയ അന്വേഷണം നിർണ്ണായകമായി. സംഭവദിവസം ലോഹാഗഡ് കോട്ടയിലെ സിസിടിവി ദൃശ്യങ്ങളിൽ ഹൂഡി ധരിച്ച ഒരാൾ കേതനെയും സിയയെയും പിന്തുടരുന്നത് പോലീസ് കണ്ടെത്തിയിരുന്നു. സിയ ഇടയ്ക്കിടെ തിരിഞ്ഞു നോക്കുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. ഇത് സിയയുടെ കാമുകൻ ചേതനാണെന്ന് പോലീസ് പിന്നീട് തിരിച്ചറിഞ്ഞു. ജൂൺ 18-നാണ് കേതൻ കൊക്കയിൽ വീണ് മരിക്കുന്നത്.
എന്നാൽ ഇതിന് മുൻപ് ജൂൺ 14-നും ഇതേ കോട്ടയിൽ വെച്ച് കേതനെ തള്ളി താഴെയിടാൻ സിയ ശ്രമിച്ചിരുന്നുവെന്ന വിവരവും പോലീസ് പുറത്തുവിട്ടു. വരാനിരിക്കുന്ന വിവാഹത്തിന് മുന്നോടിയായി ബാലിയിൽ പ്രീ-വെഡിങ് ഷൂട്ട് നിശ്ചയിച്ചിരുന്നു. എന്നാൽ കേതന്റെ പാസ്പോർട്ട് പെട്ടെന്ന് കാണാതായതോടെ ഇത് മാറ്റിവെക്കുകയായിരുന്നു. സിയ തന്നെയാണ് ആസൂത്രിതമായി പാസ്പോർട്ട് നശിപ്പിച്ചതെന്ന് പോലീസ് സംശയിക്കുന്നു.
കേസിന്റെ ഗൗരവം പരിഗണിച്ച് ശക്തമായ നിയമനടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് കേതന്റെ കുടുംബത്തെ നേരിട്ട് സന്ദർശിക്കുകയും നീതി ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. പ്രമുഖ അഭിഭാഷകനായ ഉജ്ജ്വൽ നികത്തിനെ കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു. പ്രതികൾക്ക് കടുത്ത ശിക്ഷ വേഗത്തിൽ ഉറപ്പാക്കാൻ കേസ് ഫാസ്റ്റ് ട്രാക്ക് കോടതിയിൽ പരിഗണിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.



