സിനിമയ്ക്ക് വ്യാവസായിക പദവി; ബജറ്റ് പ്രഖ്യാപനങ്ങളെ സ്വാഗതം ചെയ്ത് മോഹൻലാൽ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ മലയാള സിനിമയ്ക്ക് വ്യാവസായിക പദവി നൽകിയ സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് നടൻ മോഹൻലാൽ. സിനിമാമേഖലയ്ക്ക് പുതിയ ഉണർവും വളർച്ചയും നൽകുന്ന നിർണായക തീരുമാനമാണിതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പ്രതികരിച്ചു.
പുതിയ ബജറ്റിൽ സിനിമയെ ഔദ്യോഗികമായി വ്യവസായമായി പ്രഖ്യാപിച്ചതോടെ ആയിരക്കണക്കിന് സിനിമാപ്രവർത്തകർക്ക് പുതിയ പ്രതീക്ഷകൾ ലഭിക്കുമെന്നുറപ്പാണെന്നും മോഹൻലാൽ വ്യക്തമാക്കി. ഈ തീരുമാനത്തിന് മുൻകൈയെടുത്ത മുഖ്യമന്ത്രി വി.ഡി. സതീശനും സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിനും അദ്ദേഹം നന്ദി അറിയിച്ചു.
ബജറ്റിൽ മലയാള സിനിമയുടെ സമഗ്ര വികസനത്തിനായി നിരവധി പദ്ധതികളാണ് സർക്കാർ പ്രഖ്യാപിച്ചത്. കൊച്ചിയിൽ ജെ.സി. ഡാനിയേൽ ഇന്റർനാഷണൽ ഫിലിം സിറ്റി സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പദ്ധതിക്കായി 100 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
സിനിമയ്ക്ക് വ്യാവസായിക പദവി നൽകൽ, ആന്റി പൈറസി സെൽ രൂപീകരിക്കൽ തുടങ്ങിയ നടപടികളും ബജറ്റിന്റെ ഭാഗമാണ്. സംസ്ഥാനത്തെ ചലച്ചിത്ര മേഖലയിൽ ദേശീയവും അന്തർദേശീയവുമായ സാഹചര്യം സൃഷ്ടിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.
സംസ്ഥാനത്തിന്റെ കലാ-സാംസ്കാരിക പൈതൃക വികസനത്തിനും ബജറ്റിൽ പ്രത്യേക പരിഗണന നൽകി. കോഴിക്കോട് ജില്ലയിൽ എം.ടി. വാസുദേവൻ നായരുടെ പേരിൽ കൾച്ചറൽ പാർക്ക് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കഥകളി, കൂത്ത്, തെയ്യം, തുള്ളൽ, ഒപ്പന, മാപ്പിളപ്പാട്ട്, ഗോത്രകലകൾ തുടങ്ങിയവയ്ക്ക് ഇവിടെ വേദി ഒരുക്കും.



