നീറ്റ് പുനഃപരീക്ഷയെ ചുറ്റിപ്പറ്റി തട്ടിപ്പ്; വ്യാജ ചോദ്യപ്പേപ്പർ വിൽപ്പന നടത്തിയ നാലുപേർ പിടിയിൽ

പാട്‌ന: നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപ്പേപ്പർ വിറ്റ സംഘത്തിലെ നാലുപേരെ ബീഹാർ പൊലീസ് അറസ്റ്റ് ചെയ്തു. മുസാഫർപൂരിലെ വിദ്യാർത്ഥികളെയും അവരുടെ മാതാപിതാക്കളെയും ലക്ഷ്യമിട്ടാണ് പ്രതികൾ തട്ടിപ്പ് നടത്തിയിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

ഹർഷ്, അമൻ കുമാർ, കനയ്യ കുമാർ, ഹർഷ് കനോഡിയ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽ നിന്ന് മൊബൈൽ ഫോണുകളും മറ്റ് ഡിജിറ്റൽ തെളിവുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സമൂഹമാധ്യമങ്ങൾ വഴിയാണ് നീറ്റ് ഉൾപ്പെടെയുള്ള വിവിധ മത്സരപരീക്ഷകളുടെ വ്യാജ ചോദ്യപ്പേപ്പറുകൾ വിൽപ്പന നടത്തിയിരുന്നതെന്ന് പൊലീസ് അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ജൂൺ 2-ന് ബാലു ഗട്ട് മേഖലയിൽ നിന്ന് മനീഷ് ഝാ എന്നയാളെ ആദ്യം അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മറ്റ് നാല് പ്രതികളെയും പിടികൂടിയത്. വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും പണം ശേഖരിച്ച ശേഷം അത് മനീഷ് ഝായ്ക്ക് കൈമാറുന്ന രീതിയിലായിരുന്നു സംഘത്തിന്റെ പ്രവർത്തനമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

ഇതിനിടെ, ചോദ്യപ്പേപ്പർ ചോർച്ചയെ തുടർന്ന് മാറ്റിവച്ച നീറ്റ് യു.ജി പുനഃപരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) പുറത്തിറക്കി. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. പരീക്ഷാകേന്ദ്രം ഉൾപ്പെടെയുള്ള വിവരങ്ങൾ അഡ്മിറ്റ് കാർഡിൽ ലഭ്യമാക്കിയിട്ടുണ്ടെന്നും, ഹാൾടിക്കറ്റ് ഇല്ലാതെ പരീക്ഷാ ഹാളിൽ പ്രവേശനം അനുവദിക്കില്ലെന്നും എൻ.ടി.എ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button