വീണാ ജോർജിന് കരിങ്കൊടി കാട്ടിയ കേസ്: കെ.എസ്.യു നേതാക്കൾക്കെതിരായ വധശ്രമക്കുറ്റം ഒഴിവാക്കി പൊലീസ്

കണ്ണൂർ: മുൻ ആരോഗ്യമന്ത്രി വീണാ ജോർജിന് നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയ കേസിൽ കെ.എസ്.യു നേതാക്കൾക്കെതിരെ ആദ്യം ചുമത്തിയിരുന്ന വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ പൊലീസ് ഒഴിവാക്കി. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയുള്ള വധശ്രമം, മാരകായുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണം തുടങ്ങിയ കുറ്റങ്ങൾ ഒഴിവാക്കിക്കൊണ്ടുള്ള അന്തിമ കുറ്റപത്രമാണ് പൊലീസ് കോടതിയിൽ സമർപ്പിച്ചത്.

കേസുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി പൊലീസിനോട് നിർദേശിച്ചിട്ടുണ്ട്. അതേസമയം, പൊലീസിന്റെ പുതിയ നടപടിയോടെ കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് തെളിഞ്ഞതായി കെ.എസ്.യു നേതൃത്വം ആരോപിച്ചു.

വ്യാജപരാതിയുടെ അടിസ്ഥാനത്തിലാണ് ഗുരുതര വകുപ്പുകൾ ചുമത്തിയതെന്നും അതിന് പിന്നിൽ പ്രവർത്തിച്ച മുൻ ആരോഗ്യമന്ത്രി വീണാ ജോർജ് പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും കേസിൽ പ്രതിയായി ജയിൽവാസം അനുഭവിച്ച കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ആവശ്യപ്പെട്ടു.

കഴിഞ്ഞ ഫെബ്രുവരി 25-നാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് വീണാ ജോർജിനെതിരെ കെ.എസ്.യു പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയത്. മന്ത്രിയെ അപായപ്പെടുത്താനുള്ള ആസൂത്രിത നീക്കമാണ് നടന്നതെന്ന് സി.പി.ഐ.എം നേതൃത്വം ആരോപിച്ചതിനെ തുടർന്ന് പൊലീസ് വധശ്രമം, മാരകായുധങ്ങളുമായി ആക്രമണം തുടങ്ങിയ ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു.

കേസിൽ കെ.എസ്.യു നേതാക്കളായ എം.സി. അതുൽ, അക്ഷയ് മാട്ടൂൽ, ബിതുൽ ബാലൻ, മുബാസ് സി. അച്ച്, അഹമ്മദ് യാസീൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, കേസ് പരിഗണിച്ച കോടതി വധശ്രമത്തിനോ മാരകായുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണത്തിനോ വ്യക്തമായ തെളിവുകൾ അന്വേഷണസംഘത്തിന് ഹാജരാക്കാനായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.

ഇപ്പോൾ അന്തിമ കുറ്റപത്രത്തിൽ ഗുരുതര വകുപ്പുകൾ ഒഴിവാക്കിയതോടെ, കേസിന്റെ തുടക്കത്തിൽ ഉയർന്ന രാഷ്ട്രീയ വിവാദങ്ങൾ വീണ്ടും ചർച്ചയാവുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button