കോഴിക്കോട് നിപ സ്ഥിരീകരണം; 43കാരൻ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി, ആശുപത്രിയിൽ കർശന നിയന്ത്രണം

കോഴിക്കോട്: നിപ ബാധിച്ച 43കാരനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ഇന്നലെ അർദ്ധരാത്രിയോടെയാണ് രോഗിയെ പ്രത്യേക വാർഡിലേക്ക് മാറ്റിയത്. ആശുപത്രി പരിസരത്ത് രോഗവ്യാപനം തടയുന്നതിനായി കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ നിർദേശപ്രകാരം ഐസൊലേഷൻ വാർഡ് പ്രവർത്തിക്കുന്ന സാവിത്രി ദേവി സാബു ബ്ലോക്ക് ഭാഗത്തേക്ക് അനാവശ്യ പ്രവേശനവും സഞ്ചാരവും പൂർണമായി നിരോധിച്ചിട്ടുണ്ട്. ഈ പ്രദേശത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാനും അനുവദിക്കില്ല. വാർഡ് പരിസരത്ത് ബാരിക്കേഡുകൾ സ്ഥാപിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഡിസ്ചാർജ് ചെയ്യുന്ന രോഗികൾ ഉൾപ്പെടെ എല്ലാവരും ആശുപത്രിയുടെ പ്രധാന ഗേറ്റ് വഴി മാത്രമേ പ്രവേശിക്കാവൂ എന്നും നിർദേശം നൽകിയിട്ടുണ്ട്. പേ വാർഡ് മേഖലയിലും അനുബന്ധ പ്രദേശങ്ങളിലും നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്.

ഫറോക്ക് സ്വദേശിയായ ഇദ്ദേഹത്തെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലുമാണ് പ്രവേശിപ്പിച്ചത്. നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്. സ്രവ സാമ്പിളുകൾ കൂടുതൽ പരിശോധനയ്ക്കായി പൂനെയിലെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്.

ക്ലീനിംഗ് തൊഴിലാളിയായ ഇദ്ദേഹം ഫറോക്കിലെ ഒരു പഴയ കെട്ടിടം വൃത്തിയാക്കാൻ പോയിരുന്നു. അവിടെ വവ്വാലുകളുടെ സാന്നിധ്യം സംശയിക്കുന്നതായും അതിൽ നിന്നാകാം രോഗബാധ ഉണ്ടായതെന്നുമാണ് പ്രാഥമിക വിലയിരുത്തൽ.

ആരോഗ്യ വകുപ്പ് രോഗവ്യാപനം തടയുന്നതിനായി ജാഗ്രതാ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. എല്ലാവരുടെയും സഹകരണവും നിർദേശങ്ങളും പാലിക്കണമെന്ന് ആശുപത്രി അധികൃതർ അഭ്യർത്ഥിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button