ഒടുവില്‍ നന്ദകുമാറിന് പണി കിട്ടി; അച്ചു ഉമ്മനെ അധിക്ഷേപിച്ചതില്‍ നടപടിയുണ്ടാകുമ്പോള്‍ രാഷ്ട്രീയ ആശ്വാസം വി.എസ്. അച്യുതാനന്ദന്റെ മകന്‍ വി.എ. അരുണ്‍കുമാറിന്; ഇതൊരു അത്യപൂര്‍വ്വ കഥ

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെ സാമൂഹികമാധ്യമങ്ങളിലൂടെ സൈബറധിക്ഷേപം നടത്തിയ കേസില്‍ പ്രതിയായ ഐ.എച്ച്.ആര്‍.ഡി. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ നന്ദകുമാര്‍ കൊളത്താപ്പിള്ളിയെ സ്ഥാനത്തുനിന്ന് പുറത്താക്കിയ സര്‍ക്കാര്‍ നടപടിക്ക് പിന്നില്‍ കൗതുകകരമായ രാഷ്ട്രീയ അണിയറക്കഥകള്‍. ഇടതുപക്ഷ സംഘടനകളുടെ ശക്തനായ നേതാവായ നന്ദകുമാറിന്റെ ഈ വീഴ്ചയില്‍, ഭരണം മാറിയതിനൊപ്പം ഏറ്റവും കൂടുതല്‍ ആശ്വാസം കൊള്ളുന്നത് മറ്റാരുമല്ല, മുന്‍ മുഖ്യമന്ത്രിയും സി.പി.എം. മുതിര്‍ന്ന നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ മകനും ഐ.എച്ച്.ആര്‍.ഡി.യിലെ ഉന്നത ഉദ്യോഗസ്ഥനുമായ വി.എ. അരുണ്‍കുമാറാണ്.
വി.എ. അരുണ്‍കുമാര്‍ ഐ.എച്ച്.ആര്‍.ഡി.യുടെ തലപ്പത്താണ് ജോലി ചെയ്യുന്നത്. എന്നാല്‍ സി.പി.എമ്മിലെ ഒരു വിഭാഗത്തിനും അവിടുത്തെ ഭരണാനുകൂല ഇടതുപക്ഷ സംഘടനകള്‍ക്കും അദ്ദേഹത്തോട് വലിയ താല്പര്യമില്ല. പാര്‍ട്ടിയിലെ വിഭാഗീയതയുടെ നിഴല്‍ വീണ സ്ഥാപനത്തില്‍ വി.എസിന്റെ മകനെ നിരന്തരം പ്രതിരോധത്തിലാക്കാനും പുകച്ചുപുറത്തുചാടിക്കാനും ഐ.എച്ച്.ആര്‍.ഡി.ക്കുള്ളിലെ ഇടതുനേതൃത്വം നിരന്തരം ശ്രമിച്ചിരുന്നു. ഈ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതും അരുണ്‍കുമാറിനെതിരെയുള്ള പടയൊരുക്കങ്ങള്‍ മൂപ്പിച്ചുക്കൊണ്ടുവന്നതും തീവ്ര പാര്‍ട്ടി അനുഭാവികളായ ഉദ്യോഗസ്ഥരായിരുന്നു.
സെക്രട്ടേറിയറ്റില്‍ അഡീഷണല്‍ സെക്രട്ടറിയായിരിക്കെ വിരമിച്ച നന്ദകുമാറിന് മുന്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്താണ് ഐ.എച്ച്.ആര്‍.ഡി.യില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി പുനര്‍നിയമനം ലഭിക്കുന്നത്. വിരമിച്ച ശേഷവും പാര്‍ട്ടി സ്വാധീനമുപയോഗിച്ച് ഇത്തരമൊരു പദവി സ്വന്തമാക്കിയ നന്ദകുമാര്‍, സ്ഥാപനത്തിനുള്ളില്‍ കടുത്ത നീക്കങ്ങളാണ് നടത്തിയത്. ഇടതുസംഘടനകളുടെ ബലത്തില്‍ പലതലത്തില്‍ നന്ദകുമാറിന്റെ ഇടപെടലുകള്‍ വളര്‍ന്നിരുന്നു.
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തെയും മക്കളെയും അതിരൂക്ഷമായ ഭാഷയിലാണ് ഇയാള്‍ പലപ്പോഴും അധിക്ഷേപിച്ചിരുന്നത്. സൈബര്‍ ഇടങ്ങളില്‍ ഇടത് പ്രൊഫൈലുകള്‍ക്ക് ആവേശം പകരാന്‍ വേണ്ടി നടത്തിയ ഈ വേട്ടയാടലുകള്‍ക്കെതിരെ അക്കാലത്ത് വ്യാപകമായ പരാതികള്‍ ഉയര്‍ന്നിട്ടും പാര്‍ട്ടി സംരക്ഷണയില്‍ ഇയാള്‍ സുരക്ഷിതനായി തുടരുകയായിരുന്നു.
2023 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് കാലത്ത് ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്റെ വസ്ത്രധാരണത്തെയും ജീവിതരീതിയെയും പരാമര്‍ശിച്ച് തികച്ചും മോശമായ രീതിയില്‍ നന്ദകുമാര്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റിടുകയായിരുന്നു. അച്ചു ഉമ്മന്‍ നല്‍കിയ പരാതിയില്‍ പൂജപ്പുര പോലീസ് കേസെടുത്തെങ്കിലും ഭരണസ്വാധീനത്താല്‍ വെറുമൊരു ഖേദപ്രകടനത്തില്‍ കേസ് ഒതുക്കിത്തീര്‍ക്കാനാണ് അന്ന് അധികൃതര്‍ ശ്രമിച്ചത്. അറസ്റ്റ് രേഖപ്പെടുത്താതെ സ്റ്റേഷനില്‍ നിന്ന് വിട്ടയച്ച നന്ദകുമാറിനെതിരെ വകുപ്പുതല നടപടികളൊന്നും സ്വീകരിക്കാന്‍ മുന്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.
എന്നാല്‍ സംസ്ഥാനത്ത് ഭരണം മാറുകയും യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തിലേറുകയും ചെയ്തതോടെ നന്ദകുമാറിന്റെ സംരക്ഷണക്കവചം തകരുകയായിരുന്നു. ഐ.എച്ച്.ആര്‍.ഡി. എംപ്ലോയീസ് കോണ്‍ഗ്രസ് ഭാരവാഹികളായ രവി മൈനാഗപ്പള്ളി, തെങ്ങമം അനീഷ് എന്നിവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശനും ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണും അടിയന്തര ഇടപെടല്‍ നടത്തി. ഇതോടെയാണ് നന്ദകുമാറിനെ തല്‍സ്ഥാനത്തുനിന്ന് നീക്കിക്കൊണ്ടുള്ള ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ കടുത്ത ഉത്തരവ് പുറത്തിറങ്ങുന്നത്.
നന്ദകുമാറിനെ പുറത്താക്കുക മാത്രമല്ല, ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ലതാ പണിക്കരെ പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി നിയമിക്കുകയും ചെയ്തു സര്‍ക്കാര്‍. ഉമ്മന്‍ ചാണ്ടിയുടെ മകളെ സൈബര്‍ ഗുണ്ടായിസത്തിലൂടെ അപമാനിച്ച വ്യക്തി ഇരുന്ന കസേരയിലേക്ക്, ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തയായിരുന്ന മുന്‍ ഉദ്യോഗസ്ഥ തന്നെ നിയമിതയായി എന്നത് വലിയ രാഷ്ട്രീയ കാവ്യനീതിയായാണ് സെക്രട്ടേറിയറ്റ് വാരങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്.
ഈ രാഷ്ട്രീയ മാറ്റം ഏറ്റവും കൂടുതല്‍ ആശ്വാസം നല്‍കുന്നത് വി.എ. അച്യുതാനന്ദന്റെ മകന്‍ വി.എ. അരുണ്‍കുമാറിനാണ്. പാര്‍ട്ടിയിലെ വി.എസ്. വിരുദ്ധ ചേരിയുടെ കണ്‍കണ്ണായി ഐ.എച്ച്.ആര്‍.ഡി.യില്‍ ഇരുന്ന് തന്നെ നിരന്തരം ബുദ്ധിമുട്ടിച്ചുകൊണ്ടിരുന്ന ഒരു പ്രധാന ശത്രുവാണ് ഇതോടെ പദവി തെറിച്ച് പുറത്തുപോകുന്നത്. സ്ഥാപനത്തിനുള്ളില്‍ അരുണ്‍കുമാറിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ നന്ദകുമാറിന് ഇനി ഔദ്യോഗികമായ പദവികളോ അധികാരങ്ങളോ ഉണ്ടാകില്ല എന്നത് വി.എസ്. അനുകൂലികള്‍ക്ക് നല്‍കുന്ന ആശ്വാസം ചെറുതല്ല.
അച്ചു ഉമ്മനെ അധിക്ഷേപിച്ചതിന്റെ പേരില്‍ നന്ദകുമാറിന് ഇപ്പോള്‍ കിട്ടിയ പണി, വാസ്തവത്തില്‍ ഐ.എച്ച്.ആര്‍.ഡി.ക്കുള്ളിലെ അധികാര സമവാക്യങ്ങളെ അപ്പാടെ മാറ്റിയെഴുതുന്നതാണ്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് നിസ്സാര വകുപ്പുകള്‍ ചുമത്തി പോലീസ് ഒതുക്കിത്തീര്‍ത്ത സൈബര്‍ അധിക്ഷേപ കേസില്‍ ഇപ്പോള്‍ പുതിയ സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ്. പദവി നഷ്ടപ്പെട്ടതിന് പുറമേ, കേസിന്റെ നിയമപരമായ നടപടികളും നന്ദകുമാറിനെ കാത്തിരിക്കുന്നുണ്ട്.



