വിവാഹ നിശ്ചയ ഒരുക്കങ്ങൾക്കിടെ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: താമരശ്ശേരിയിൽ 22 വയസുകാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അമ്പായത്തോട് മിച്ചഭൂമി ഒന്നാം പ്ലോട്ടിൽ താമസിക്കുന്ന ചേലോട്ടിൽ പ്രദീപ് കുമാർ–ബിന്ദു ദമ്പതികളുടെ മകൾ നന്ദന പ്രദീപാണ് മരിച്ചത്.
വിവാഹ നിശ്ചയത്തിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ദാരുണ സംഭവം. ഇന്ന് ഉച്ചയോടെ വീടിനുള്ളിലാണ് നന്ദനയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവസമയത്ത് വീട്ടിൽ നന്ദനയുടെ ഇളയ സഹോദരി മാത്രമാണ് ഉണ്ടായിരുന്നത്. മുറിയിൽ ഉറങ്ങുകയായിരുന്ന സഹോദരി ഉണർന്ന് പുറത്തേക്ക് വന്നപ്പോഴാണ് ഡൈനിംഗ് ഹാളിൽ നന്ദനയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. തുടർന്ന് സഹോദരി സമീപവാസികളെ വിവരം അറിയിക്കുകയായിരുന്നു.
പരിസരവാസികൾ ഉടൻ യുവതിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരം അറിഞ്ഞെത്തിയ താമരശ്ശേരി പൊലീസ് ആശുപത്രിയിലെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



