കരുണ്‍ നായര്‍ക്ക് സെഞ്ചുറി നഷ്ടം!
രഞ്ജി ട്രോഫി ഫൈനലില്‍ കേരളത്തിനെതിരെ വിദര്‍ഭ പിടിമുറുക്കുന്നു. നാഗ്പൂര്‍, വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം വിദര്‍ഭ ഒന്നാം ദിനം അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 254 റണ്‍സെടുത്തിട്ടുണ്ട്. ഡാനിഷ് മലേവറുടെ (138) സെഞ്ചുറിയാണ് വിദര്‍ഭയ്ക്ക് കരുത്തായത്. ഡാനിഷിനൊപ്പം യാഷ് താക്കൂര്‍ (5) ക്രീസിലുണ്ട്. മലയാളി താരം കരുണ്‍ നായര്‍ (86) മികച്ച പ്രകടനം പുറത്തെടുത്തു. കേരളത്തിന് വേണ്ടി എം ഡി നിധീഷ് രണ്ട് വിക്കറ്റെടത്തു.
മോശം തുടക്കമായിരുന്നു വിദര്‍ഭയ്ക്ക്. ഒരുവേള മൂന്നിന് 24 എന്ന നിലയിലായിരുന്നു ടീം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വിദര്‍ഭയ്ക്ക് രണ്ടാം പന്തില്‍ ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ പാര്‍ഥ് രേഖഡെയെ എം ഡി നിധീഷ് എല്‍ബിയില്‍ കുടുക്കി. രണ്ട് പന്ത് ക്രീസില്‍ നിന്ന പാര്‍ഥിന് അക്കൗണ്ട് തുറക്കാനായില്ല. പിന്നാലെ ഇന്നിംഗ്സിലെ ഏഴാം ഓവറിലെ മൂന്നാം പന്തില്‍ വണ്‍ഡൗണ്‍ ബാറ്റര്‍ ദര്‍ശന്‍ നാല്‍ക്കണ്ടെയെയും പറഞ്ഞയച്ച് നിധിഷ് വിദര്‍ഭക്ക് ഇരട്ട പ്രഹരം നല്‍കി. എന്‍ പി ബേസിലിനായിരുന്നു ക്യാച്ച്. 21 പന്ത് ക്രീസില്‍ ചിലവഴിച്ചിട്ടും ദര്‍ശന് ഒരു റണ്ണേ നേടാനായുള്ളൂ.
പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ച സഹ ഓപ്പണര്‍ ധ്രുവ് ഷോറെയെ, ഏദന്‍ ആപ്പിള്‍ ടോം വിക്കറ്റിന് പിന്നില്‍ മുഹമ്മദ് അസറുദ്ദീന്റെ കൈകളിലെത്തിച്ചതോടെ വിദര്‍ഭ കൂട്ടത്തകര്‍ച്ചയിലായി. ഇന്നിംഗ്സിലെ 13-ാം ഓവറിലായിരുന്നു ഈ വിക്കറ്റ്. 35 ബോളുകള്‍ ക്രീസില്‍ നിന്ന ധ്രുവ് 16 റണ്‍സേ പേരിലാക്കിയുള്ളൂ. ഇതോടെ വിദര്‍ഭ 12.5 ഓവറില്‍ 24-3 എന്ന നിലയില്‍ പ്രതിരോധത്തിലാവുകയായിരുന്നു. പിന്നീട് കരുണ്‍ – ഡാനിഷ് സഖ്യം 215 റണ്‍സ് കൂട്ടിചേര്‍ത്തു. 82-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. കരുണ്‍ നിര്‍ഭാഗ്യവശാല്‍ റണ്ണൗട്ടാവുകയായിരുന്നു. ഒരു സിക്‌സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. പിന്നീട് നൈറ്റ് വാച്ച്മാന്‍ യാഷ് താക്കൂറുമായി ചേര്‍ന്ന് ഡാനിഷ് മറ്റൊരു വിക്കറ്റ് പോവാതെ കാത്തു. ഇതുവരെ 259 പന്തുകള്‍ നേരിട്ട ഡാനിഷ് രണ്ട് സിക്‌സും 14 ഫോറും നേടി.
സെമിയില്‍ ഗുജറാത്തിനെതിരെ കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് കേരളം ഇറങ്ങുന്നത്. ഷോണ്‍ റോജറിന് പകരം ഏദന്‍ ആപ്പിള്‍ ടോം കേരളത്തിന്റെ പ്ലേയിംഗ് ഇലവനിലെത്തി. സെമിയില്‍ മുംബൈയെ വീഴ്ത്തിയ ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് വിദര്‍ഭ കിരീടപ്പോരാട്ടത്തിന് ഇറങ്ങുന്നത്.