ബന്ധുനിയമന വിവാദം: ബെന്നി തോമസിന്റെ രാജി വ്യക്തിപരമായ തീരുമാനം; നിയമനത്തിൽ നിയമപ്രശ്നമില്ലെന്ന് മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം: തന്റെ സഹോദരീ ഭർത്താവായ ബെന്നി തോമസിനെ പേഴ്സണൽ സ്റ്റാഫിൽ നിയമിച്ചതിനെ ചൊല്ലിയുണ്ടായ വിവാദങ്ങൾക്ക് പിന്നാലെ അദ്ദേഹം രാജിവെച്ച സംഭവത്തിൽ പ്രതികരണവുമായി മന്ത്രി സണ്ണി ജോസഫ്. ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരു നിയമപ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്നും രാജി അദ്ദേഹത്തിന്റെ തികച്ചും വ്യക്തിപരമായ തീരുമാനമാണെന്നും മന്ത്രി വ്യക്തമാക്കി.
ബന്ധുവെന്ന പരിഗണനയിലല്ല ബെന്നി തോമസിനെ നിയമിച്ചതെന്ന് മന്ത്രി പറഞ്ഞു. ദീർഘകാലത്തെ പൊതുപ്രവർത്തന പരിചയവും പ്രവർത്തന മികവും കണക്കിലെടുത്താണ് അദ്ദേഹത്തെ വകുപ്പിലേക്ക് തിരഞ്ഞെടുത്തതെന്നും അത്തരമൊരു വ്യക്തിയുടെ സേവനം വകുപ്പിന് ആവശ്യമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങൾക്ക് അടിസ്ഥാനമില്ലെന്നും നിയമപരമായി യാതൊരു തടസ്സവും ഉണ്ടായിരുന്നില്ലെന്നും മന്ത്രി ആവർത്തിച്ചു. ബെന്നി തോമസിന്റെ ജനസ്വാധീനവും പൊതുപ്രവർത്തന പാരമ്പര്യവും അറിയണമെങ്കിൽ പേരാവൂരിൽ അന്വേഷിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കൂടുതൽ രാഷ്ട്രീയ വിവാദങ്ങൾ ഒഴിവാക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടതിനെ തുടർന്നാണോ ബെന്നി തോമസ് രാജിവെച്ചതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മന്ത്രി വ്യക്തമായ മറുപടി നൽകിയില്ല.
മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ സഹോദരീ ഭർത്താവായ ബെന്നി തോമസിനെ നിയമിച്ച വിവരം പുറത്തുവന്നതോടെയാണ് വിവാദം ശക്തമായത്. പ്രതിപക്ഷം ഉൾപ്പെടെ വിവിധ രാഷ്ട്രീയകക്ഷികൾ നിയമനത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബെന്നി തോമസ് പദവി രാജിവെച്ചത്.



