ആഴ്ചയിൽ 12 കോടി ചെലവിട്ടാലും തികയില്ല’; ആഡംബര ജീവിതശൈലിയെക്കുറിച്ച് തുറന്നുപറഞ്ഞ് ലളിത് മോദി

ലണ്ടൻ: ലോകത്തിലെ ഏറ്റവും സമ്പന്നമായ ബിസിനസ് കുടുംബങ്ങളിലൊന്നിൽ ജനിച്ച തനിക്ക് ആഡംബര ജീവിതം ഉപേക്ഷിക്കാനോ അതിൽ കുറവ് വരുത്താനോ യാതൊരു ഉദ്ദേശവുമില്ലെന്ന് മുൻ ഐ.പി.എൽ കമ്മീഷണർ . ഓരോ ആഴ്ചയും 10 മുതൽ 12 കോടി രൂപ വരെ ചെലവഴിക്കുന്നുണ്ടെന്നും, ആ തുക പോലും ഒരാഴ്ചത്തേക്ക് തികയാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ലണ്ടനിൽ നൽകിയ അഭിമുഖത്തിലാണ് സമ്പത്തും ജീവിതശൈലിയും സംബന്ധിച്ച് മോദി പ്രതികരിച്ചത്. താൻ ജനിച്ചതുതന്നെ സമ്പന്ന കുടുംബത്തിലാണെന്നും, തന്റെ ജീവിതശൈലിയെക്കുറിച്ച് മറ്റാരോടും വിശദീകരിക്കേണ്ട ബാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.
“ഞാൻ ജനിച്ചതുതന്നെ വജ്രക്കരണ്ടിയുമായിട്ടാണ്. എന്റെ കുടുംബം തലമുറകളായി സമ്പത്ത് സൃഷ്ടിച്ചവരാണ്. അതുകൊണ്ട് എന്റെ ജീവിതശൈലി മാറ്റാൻ ഞാൻ തയ്യാറല്ല,” എന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ.
തനിക്കെതിരെ ഉയർന്ന സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളും അദ്ദേഹം തള്ളിക്കളഞ്ഞു. കുടുംബ ബിസിനസിന്റെ വലിപ്പം കണക്കിലെടുക്കുമ്പോൾ ആരോപിക്കപ്പെടുന്ന തുകകൾ നിസ്സാരമാണെന്നും, അത്തരം ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
കുടുംബ ബിസിനസിന് പുറമെ സ്വന്തമായി ആരംഭിച്ച സംരംഭങ്ങളിലൂടെയും വലിയ സമ്പത്ത് നേടിയിട്ടുണ്ടെന്നും മോദി പറഞ്ഞു. നിലവിൽ കുടുംബ ബിസിനസിലെ തന്റെ ഓഹരികൾ മക്കൾക്ക് കൈമാറിയിട്ടുണ്ടെന്നും, ഇപ്പോൾ “മക്കളുടെ ചെലവിൽ ജീവിക്കുന്ന ഒരു അച്ഛൻ” മാത്രമാണെന്നും അദ്ദേഹം പരാമർശിച്ചു.
2008-ൽ രൂപീകരിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ലളിത് മോദി പിന്നീട് സാമ്പത്തിക ക്രമക്കേടുകളും അച്ചടക്ക ലംഘനങ്ങളും ആരോപിച്ച് ക്രിക്കറ്റ് ഭരണരംഗത്ത് നിന്ന് പുറത്താക്കപ്പെട്ടിരുന്നു. നിലവിൽ വിവിധ അന്വേഷണങ്ങൾ നേരിടുന്നുണ്ടെങ്കിലും തനിക്കെതിരായ കേസുകൾക്ക് നിയമപരമായ അടിസ്ഥാനമില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
ഇതിനിടെ, “ആഴ്ചയിൽ 12 കോടി രൂപ പോലും തികയില്ല” എന്ന അദ്ദേഹത്തിന്റെ പരാമർശം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. സാധാരണക്കാരുടെ ജീവിതകാല സമ്പാദ്യവുമായി താരതമ്യം ചെയ്യുമ്പോൾ ഒരാഴ്ചത്തെ ചെലവ് തന്നെ അമ്പരപ്പിക്കുന്നതാണെന്നാണ് നിരവധി പേരുടെ പ്രതികരണം.



