“എഡിജിപി ഓഫീസിൽ റിപ്പോർട്ട് മാറ്റിയെന്ന് എസ്‌ഐടി; ഗൺമാൻമാരുടെ മുൻകൂർ ജാമ്യഹർജിയിൽ വിധി ചൊവ്വാഴ്ച”

ആലപ്പുഴ: രക്ഷാപ്രവർത്തന കേസിൽ അന്വേഷണ റിപ്പോർട്ടിൽ അട്ടിമറി നടന്നതായി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കോടതിയെ അറിയിച്ചു. എ.ഡി.ജി.പി ഓഫീസിൽ വെച്ചാണ് റിപ്പോർട്ടിൽ തിരുത്തൽ വരുത്തിയതെന്ന് എസ്‌ഐടി കോടതിയിൽ സമർപ്പിച്ച വിശദീകരണത്തിൽ വ്യക്തമാക്കി.
മുൻ അന്വേഷണ ഉദ്യോഗസ്ഥൻ നൽകിയ റിപ്പോർട്ട് വസ്തുതാപരമായതായിരുന്നുവെന്നും പിന്നീട് പൊലീസ് ഫോട്ടോഗ്രാഫർ പകർത്തിയ ദൃശ്യങ്ങൾ മാത്രമാണ് ലഭ്യമായതെന്ന് രേഖകളിൽ തിരുത്തിയെന്നും എസ്‌ഐടി ചൂണ്ടിക്കാട്ടി. പൊലീസ് ഫോട്ടോഗ്രാഫർ സംഭവദൃശ്യങ്ങൾ പകർത്തിയതായി റഫർ റിപ്പോർട്ടിൽ ചേർത്തിട്ടുണ്ടെങ്കിലും മർദന ദൃശ്യങ്ങൾ അതിലില്ലെന്നും മറ്റു ദൃശ്യങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ റിപ്പോർട്ടിൽ നിന്ന് ഒഴിവാക്കിയതായും എസ്‌ഐടി അറിയിച്ചു.
മർദന ദൃശ്യങ്ങൾ ലഭ്യമല്ലെന്ന നിലപാട് അന്ന് കോടതിയിൽ സ്വീകരിച്ചത് പൊലീസ് ഫോട്ടോഗ്രാഫർ പകർത്തിയ ദൃശ്യങ്ങളെ മാത്രം അടിസ്ഥാനമാക്കിയാണെന്നും എസ്‌ഐടി വ്യക്തമാക്കി. എന്നാൽ, സംഭവസ്ഥലത്ത് മർദനം നടന്ന സമയത്ത് താൻ എത്തിയിരുന്നില്ലെന്നും സംഭവശേഷമാണ് എത്തി ദൃശ്യങ്ങൾ പകർത്തിയതെന്നും പൊലീസ് ഫോട്ടോഗ്രാഫർ മൊഴി നൽകിയതായി അന്വേഷണസംഘം കോടതിയെ അറിയിച്ചു.
അതേസമയം, കേസിൽ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ ഗൺമാൻമാർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ചൊവ്വാഴ്ച വിധി പറയും. ഇരുപക്ഷങ്ങളുടെയും വാദം വിശദമായി കേട്ട ശേഷമാണ് വിധി മാറ്റിവെച്ചത്.
വാദത്തിനിടെ വധശ്രമക്കുറ്റം ചുമത്തിയ എസ്‌ഐടി നടപടിയെ കോടതി ചോദ്യം ചെയ്തു. സംഭവം പെട്ടെന്നുണ്ടായ പ്രതികരണമാണോയെന്നും സാഹചര്യം നിയന്ത്രിക്കുന്നതിനായിരുന്നോ മർദനമെന്നും കോടതി ആരാഞ്ഞു. ഔദ്യോഗിക കൃത്യനിർവഹണത്തിന് അതീതമായാണ് പ്രവർത്തിച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ ആരോപണം.
ഇത്തരം പ്രതിഷേധം ഉണ്ടാകുമെന്ന വിവരം ഗൺമാൻമാർക്ക് മുൻകൂട്ടി ലഭിച്ചിരുന്നോയെന്നും ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നോയെന്നും കോടതി ചോദിച്ചു. മെഡിക്കൽ റിപ്പോർട്ട് ലഭിക്കുന്നതിന് മുൻപേ ജാമ്യമില്ലാ വകുപ്പുകൾ ചേർത്തതിന്റെ ആവശ്യകതയും കോടതി ചോദ്യം ചെയ്തു. മേയ് 30 വരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ഉണ്ടായിരുന്നതെന്നും പിന്നീട് കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ഗുരുതര വകുപ്പുകൾ ചേർത്തത് എന്തുകൊണ്ടാണെന്നും കോടതി നിരീക്ഷിച്ചു.



