മാസപ്പടി കേസ്; വീണ വിജയനെതിരായ തെളിവുകൾക്കായി 134 രേഖകൾ ആവശ്യപ്പെട്ട് ഇ.ഡി കോടതിയിൽ

കൊച്ചി: സിഎംആർഎൽ-മാസപ്പടി കേസിൽ വീണ വിജയനെതിരെ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കോടതിയെ സമീപിച്ചു. കേസിൽ എസ്.എഫ്.ഐ.ഒ കസ്റ്റഡിയിലെടുത്ത നിർണായക രേഖകൾ കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് ഇ.ഡി കൊച്ചിയിലെ എറണാകുളം പി.എം.എൽ.എ കോടതിയിൽ ഹർജി നൽകിയത്.

കേസന്വേഷണത്തിന് അത്യന്തം നിർണായകമായ 134 രേഖകളാണ് ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്നത്. വീണ വിജയനും സിഎംആർഎല്ലും തമ്മിൽ 2016-ൽ ഒപ്പുവെച്ച കരാർ, എക്സാലോജിക്കും സിഎംആർഎല്ലും തമ്മിലുള്ള 2017-ലെ കരാർ എന്നിവയുടെ വിശദാംശങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

എക്സാലോജിക് കമ്പനിയുടെ ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റുകൾ, വീണ വിജയന്റെ വ്യക്തിഗത ഇൻകം ടാക്സ് റിട്ടേൺ വിവരങ്ങൾ, എംപവർ ഇന്ത്യ കാപ്പിറ്റലിൽ നിന്നുള്ള വായ്പാ വിശദാംശങ്ങൾ, കൂടാതെ വീണ വിജയൻ വായ്പ തിരിച്ചടച്ചതുമായി ബന്ധപ്പെട്ട രേഖകളും ഇ.ഡി ആവശ്യപ്പെട്ട പട്ടികയിൽ ഉൾപ്പെടുന്നു.

കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഈ രേഖകൾ അനിവാര്യമാണെന്നും അതിനാൽ അവ കൈമാറണമെന്നും ഇ.ഡി കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കി. അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button