‘എയിംസ് കൊണ്ടുവരാൻ കഴിഞ്ഞില്ലെങ്കിൽ രാഷ്ട്രീയം വിടും’; വെല്ലുവിളിയുമായി സുരേഷ് ഗോപി

തിരുവനന്തപുരം: കേരളത്തിൽ എയിംസ് സ്ഥാപിക്കുന്ന കാര്യത്തിൽ ശക്തമായ നിലപാടുമായി കേന്ദ്രമന്ത്രി Suresh Gopi. എയിംസ് കേരളത്തിലെത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ രാഷ്ട്രീയം വിടുമെന്നും ഇനി വോട്ട് ചോദിച്ച് ജനങ്ങൾക്കുമുന്നിൽ വരില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എയിംസ് സ്ഥാപിക്കുന്നതിന് കേരള സർക്കാർ ഔദ്യോഗികമായി സന്നദ്ധത അറിയിക്കുകയും അഞ്ച് അനുയോജ്യ സ്ഥലങ്ങൾ നിർദേശിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ തന്നെ നടപടികൾ പൂർത്തിയാക്കി കേന്ദ്രത്തെ അറിയിച്ചാൽ അടുത്ത കേന്ദ്ര ബജറ്റിൽ എയിംസ് ഉൾപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“കേരളത്തിൽ എവിടെയായാലും എയിംസ് വരുന്നത് സംസ്ഥാനത്തിന് ഗുണകരമാണ്. ആരോഗ്യമന്ത്രി കെ. മുരളീധരൻ എയിംസിനായി സ്ഥലം നൽകാമെന്ന് പറഞ്ഞതിൽ സന്തോഷമുണ്ട്. എത്രയും വേഗം നടപടിക്രമങ്ങൾ പൂർത്തിയാക്കി കേന്ദ്ര സർക്കാരിനെ അറിയിക്കണം. എയിംസ് ജനങ്ങളുടെ ആവശ്യമാണ്,” സുരേഷ് ഗോപി പറഞ്ഞു.
മുൻ സർക്കാരിന്റെ സമീപനം ഇത്ര പോസിറ്റീവായിരുന്നില്ലെന്നും എയിംസ് വിഷയത്തിൽ തന്നെ പലരും വിമർശിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. “എല്ലാവരും എയിംസിന്റെ പേരിൽ എന്നെ ഒരുപാട് തേച്ചു. അന്ന് ഞാൻ പറഞ്ഞിരുന്നു, എയിംസ് വന്നാൽ അതിന്റെ ക്രെഡിറ്റ് എനിക്കായിരിക്കുമെന്ന്. അത് വീണ്ടും പറയുന്നു. അതിനായി ഞാൻ പ്രവർത്തിക്കും. അതിന് സാധിച്ചില്ലെങ്കിൽ രാഷ്ട്രീയം വിടും,” അദ്ദേഹം വ്യക്തമാക്കി.
എയിംസ് കേരളത്തിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ കൂടുതൽ സജീവമാകുന്ന സാഹചര്യത്തിൽ സുരേഷ് ഗോപിയുടെ ഈ പരാമർശങ്ങൾ രാഷ്ട്രീയ രംഗത്ത് ചർച്ചയാവുകയാണ്.



