പിഎച്ച്സിയിലെ രക്തപരിശോധന റിപ്പോർട്ടിൽ ഗുരുതര പിഴവെന്ന് പരാതി; അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് പ്രതിഷേധം

തിരുവനന്തപുരം: പോത്തൻകോട് പഞ്ചായത്തിന്റെ അധീനതയിലുള്ള വേങ്ങോട് തോന്നയ്ക്കൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ (PHC) ലാബ് പരിശോധനയിൽ ഗുരുതരമായ രോഗനിർണയ പിഴവ് സംഭവിച്ചതായി പരാതി. ഒരേ രക്തസാമ്പിളിന്റെ പരിശോധനയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ വ്യത്യസ്ത ലാബുകളിൽ ലഭിച്ച റിപ്പോർട്ടുകൾ തമ്മിൽ വലിയ വൈരുധ്യമുണ്ടെന്നാണ് ആരോപണം.
തോന്നയ്ക്കൽ സ്വദേശിയായ അനുരാജി സി.ആർ എന്ന വ്യക്തിക്കാണ് പിഎച്ച്സിയിലെ പരിശോധന റിപ്പോർട്ടിലൂടെ രോഗം വീണ്ടും ബാധിച്ചെന്ന ആശങ്കയുണ്ടായത്. എന്നാൽ റിപ്പോർട്ടിൽ സംശയം തോന്നിയതിനെ തുടർന്ന് അടുത്ത ദിവസം തന്നെ രണ്ട് സ്വകാര്യ ലാബുകളിൽ നടത്തിയ പരിശോധനയിൽ പിഎച്ച്സിയിലെ ഫലം തെറ്റാണെന്ന് സ്ഥിരീകരിച്ചതായി കുടുംബം ആരോപിക്കുന്നു.
പൂർണമായും രോഗമുക്തി നേടിയ വ്യക്തിക്ക് വീണ്ടും രോഗബാധയുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ട് ലഭിച്ചതോടെ മാനസികമായും ശാരീരികമായും വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നതായും പരാതിയിൽ പറയുന്നു.

നൂറുകണക്കിന് സാധാരണക്കാരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും ആശ്രയിക്കുന്ന ആരോഗ്യ കേന്ദ്രത്തിൽ ഇത്തരം പരിശോധനാ പിഴവുകൾ സംഭവിക്കുന്നുവെങ്കിൽ, അവയുടെ അടിസ്ഥാനത്തിൽ ചികിത്സയും മരുന്നുകളും സ്വീകരിക്കുന്ന രോഗികളുടെ സുരക്ഷ സംബന്ധിച്ച് ആശങ്ക ഉയരുന്നതായി പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.
ലാബ് ജീവനക്കാരുടെ അശ്രദ്ധ, സാമ്പിളുകൾ കൈകാര്യം ചെയ്യുന്നതിലെ വീഴ്ച, അല്ലെങ്കിൽ യന്ത്രസാമഗ്രികളുടെ അപര്യാപ്തത തുടങ്ങിയ കാര്യങ്ങളാണ് പിഴവിന് കാരണമായതോയെന്ന് അന്വേഷിക്കണമെന്നാണ് ആവശ്യം. ഇത്തരം വീഴ്ചകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കും മെഡിക്കൽ ഓഫീസർക്കുമെതിരെ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

കൂടാതെ, ഈ ലാബ് പരിശോധനകളുടെ അടിസ്ഥാനത്തിൽ ദീർഘകാലമായി ചികിത്സയും മരുന്നുകളും സ്വീകരിക്കുന്ന രോഗികളെ കണ്ടെത്തി പുനഃപരിശോധന നടത്തണമെന്നും ആവശ്യമുയരുന്നുണ്ട്.
സംഭവത്തെക്കുറിച്ച് ആരോഗ്യ വകുപ്പ് അടിയന്തര അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരുകയും പൊതുജനങ്ങളുടെ ആശങ്ക അകറ്റുന്നതിനായി ആവശ്യമായ നടപടികൾ സ്വീകരിക്കുകയും വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.



