ഒന്നരവയസ്സുകാരന്റെ ശരീരത്തിൽ കണ്ടത് 91 മുറിവുകൾ അമ്മയുടെ പങ്കും അന്വേഷിച്ച് പൊലീസ്

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസുകാരൻ അർഷിദിന്റെ കൊലപാതകക്കേസിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. കുട്ടിയുടെ ശരീരത്തിൽ ആകെ 91 മുറിവുകൾ ഉണ്ടായിരുന്നുവെന്നാണ് ആന്റിമോർട്ടം (മരണത്തിന് മുമ്പുള്ള പരിക്കുകൾ സംബന്ധിച്ച) റിപ്പോർട്ടിലെ കണ്ടെത്തൽ.

നേരത്തെ പൊലീസ് ഇൻക്വസ്റ്റിൽ 51 ബാഹ്യ മുറിവുകളും 40 ആന്തരിക പരിക്കുകളും കണ്ടെത്തിയിരുന്നു. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ഒരു മാസത്തിനിടെ ഉണ്ടായ ഗുരുതരമായ ശാരീരിക പീഡനങ്ങളുടെ ഫലമായാണ് ഈ മുറിവുകളെല്ലാം സംഭവിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

തലയ്ക്കേറ്റ ക്രൂര മർദനം ആന്തരിക രക്തസ്രാവത്തിന് കാരണമായതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ജനനേന്ദ്രിയത്തിലടക്കം പരിക്കുകൾ ഉണ്ടായിരുന്നതായും ആന്തരിക അവയവങ്ങൾക്ക് ഗുരുതര ക്ഷതം സംഭവിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. തുടർച്ചയായ ശാരീരിക പീഡനമാണ് കുഞ്ഞിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

കേസിലെ മുഖ്യപ്രതിയായ അഷ്കറിനെതിരെ തെളിവുകൾ ശക്തമാകുന്നതിനിടെ അമ്മ അഖിലയുടെ പങ്കും പൊലീസ് പരിശോധിച്ചുവരികയാണ്. അഖിലയുടെ മൊഴികളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതായും അഷ്കർ കുഞ്ഞിനെ മർദിക്കുന്ന വിവരം അമ്മയ്ക്ക് അറിയാമായിരുന്നുവെന്ന സംശയവും അന്വേഷണസംഘം പ്രകടിപ്പിക്കുന്നു.

അതേസമയം, നേരത്തെ കുട്ടിയെ ചൈൽഡ് ലൈന്റെ സംരക്ഷണത്തിലേക്ക് മാറ്റാൻ പൊലീസ് ശ്രമിച്ചിരുന്നുവെന്നും എന്നാൽ അഖില അതിന് എതിർപ്പ് പ്രകടിപ്പിച്ച് കുഞ്ഞിനെ കൈമാറാൻ തയ്യാറായിരുന്നില്ലെന്നും അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ സൂചിപ്പിക്കുന്നു.

കേസിൽ കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചുവരികയാണെന്നും അമ്മയുടെ പങ്ക് ഉൾപ്പെടെ എല്ലാ വശങ്ങളും വിശദമായി പരിശോധിക്കുകയാണെന്നും പൊലീസ് അറിയിച്ചു. നെടുമങ്ങാടിനെ നടുക്കിയ ഈ സംഭവം സംസ്ഥാനത്താകെ വലിയ പ്രതിഷേധത്തിനും ചർച്ചകൾക്കും ഇടയാക്കിയിട്ടുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button