ഇനി ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ജനങ്ങള്‍ നില്‍ക്കേണ്ടതില്ല: എല്ലാ സബ് രജിസ്ട്രാര്‍ ഓഫീസുകളിലും പൊതുജനങ്ങള്‍ക്ക് കസേരയിടാന്‍ നിര്‍ദേശം നല്‍കി തമിഴ്നാട് സര്‍ക്കാര്‍

പുതിയ സര്‍ക്കാര്‍ നിലവില്‍ വന്ന തമിഴ്‌നാട്ടില്‍ സംസ്ഥാനത്തെ എല്ലാ സബ് രജിസ്ട്രാര്‍ ഓഫീസുകളിലും ഉദ്യോഗസ്ഥരുമായി സംസാരിക്കുമ്പോള്‍ പൊതുജനങ്ങള്‍ക്ക് ഇരിപ്പിടം ഉറപ്പാക്കണമെന്ന് തമിഴ്നാട് രജിസ്‌ട്രേഷന്‍ വകുപ്പ് നിര്‍ദ്ദേശം നല്‍കി.

ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെടുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഡിസ്ട്രിക്റ്റ് രജിസ്ട്രാര്‍മാര്‍ക്കും ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍മാര്‍ക്കും നല്‍കിയ സര്‍ക്കുലറില്‍, ആധാരം രജിസ്‌ട്രേഷന്‍, വിവാഹ രജിസ്‌ട്രേഷന്‍, ബാധ്യതാ സര്‍ട്ടിഫിക്കറ്റ് പകര്‍പ്പുകള്‍ വാങ്ങല്‍ തുടങ്ങിയ സേവനങ്ങള്‍ക്കായി സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ സന്ദര്‍ശിക്കുന്ന ആളുകള്‍ക്ക് ആവശ്യമായ ഇരിപ്പിട സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് രജിസ്‌ട്രേഷന്‍ ഓഫീസ് അറിയിച്ചു.

വകുപ്പിന്റെ നിയന്ത്രണത്തില്‍ ഏകദേശം 587 സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവിടെയൊക്കെ ദിവസേന വന്‍ ജനത്തിരക്കാണ് അനുഭവപ്പെടുന്നതെന്നും വകുപ്പ് ചൂണ്ടിക്കാട്ടി. പരാതികളുമായും സേവന ആവശ്യങ്ങളുമായും സബ് രജിസ്ട്രാര്‍മാര്‍, അസിസ്റ്റന്റുമാര്‍ അല്ലെങ്കില്‍ ജൂനിയര്‍ അസിസ്റ്റന്റുമാരെ സമീപിക്കുന്ന പൊതുജനങ്ങളെ, ഉദ്യോഗസ്ഥര്‍ മറുപടി നല്‍കുമ്പോള്‍ എഴുന്നേറ്റു നിര്‍ത്താന്‍ പാടില്ലെന്ന് സര്‍ക്കുലറില്‍ പറയുന്നു.

ഈ വിഷയത്തില്‍ അവലോകന യോഗങ്ങളില്‍ ആവര്‍ത്തിച്ച്‌ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നെങ്കിലും, പല ഓഫീസുകളിലും ഈ കീഴ്വഴക്കം പാലിക്കപ്പെടുന്നില്ലെന്ന് സിസിടിവി നിരീക്ഷണത്തിലൂടെ വ്യക്തമായതായി സര്‍ക്കുലറില്‍ പറയുന്നു. പരാതികളെ ഗൗരവമായി എടുത്തുകൊണ്ട്, നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ സബ് രജിസ്ട്രാര്‍ ഓഫീസുകളിലെയും ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍മാരുടെ ഓഫീസുകളിലെയും സിസിടിവി ദൃശ്യങ്ങള്‍ ഇനിമുതല്‍ നിരീക്ഷിക്കുമെന്ന് രജിസ്‌ട്രേഷന്‍ വകുപ്പ് അറിയിച്ചു.

നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന ഉദ്യോഗസ്ഥര്‍ വകുപ്പുതല നടപടി നേരിടേണ്ടിവരുമെന്ന് സര്‍ക്കുലര്‍ മുന്നറിയിപ്പ് നല്‍കുന്നു. സംസ്ഥാനത്തെ എല്ലാ ഓഫീസുകളിലും ഈ ഉത്തരവ് ഉടനടി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഡിസ്ട്രിക്റ്റ് രജിസ്ട്രാര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button