പൊലീസിൽ പുതിയ ഭരണരീതി; രണ്ട് സ്റ്റേഷനുകൾക്ക് ഒരു ഇൻസ്പെക്ടർ

തിരുവനന്തപുരം: Kerala Police സേനയുടെ പ്രവർത്തനത്തിൽ വൻ അഴിച്ചുപണിക്ക് പുതിയ സർക്കാർ തയ്യാറെടുക്കുന്നു. സ്റ്റേഷനുകളുടെ നിലവിലെ എസ്.എച്ച്.ഒ സംവിധാനം പുനഃസംഘടിപ്പിച്ച്, ബി-സി ക്ലാസ് സ്റ്റേഷനുകളുടെ ചുമതല എസ്ഐമാർക്ക് കൈമാറാനാണ് നീക്കം. ഇതോടെ പഴയ സർക്കിൾ സംവിധാനത്തിലേക്ക് മടങ്ങാനുള്ള സാധ്യതയും ശക്തമായി.
പ്രതിവർഷം 3000-ത്തിലധികം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്ന പ്രധാന സ്റ്റേഷനുകളിൽ മാത്രമേ ഇൻസ്പെക്ടർമാർ എസ്.എച്ച്.ഒമാരായി തുടരുമെന്നാണ് സൂചന. ആയിരത്തിൽ താഴെ എഫ്ഐആർ വരുന്ന സ്റ്റേഷനുകളിൽ സ്റ്റേഷൻ ഭരണ ചുമതല സബ് ഇൻസ്പെക്ടർമാർക്ക് നൽകും. പുതിയ ക്രമീകരണത്തിൽ പ്രധാന സ്റ്റേഷനുകൾ ഒഴികെ രണ്ട് സ്റ്റേഷനുകൾക്ക് ഒരു ഇൻസ്പെക്ടർ എന്ന രീതിയിലേക്ക് മാറ്റം വരും.
ഈ പരിഷ്കാരവുമായി ബന്ധപ്പെട്ട പദ്ധതി റിപ്പോർട്ട് Ravada Chandrasekhar തയ്യാറാക്കിയിട്ടുണ്ട്. റിപ്പോർട്ട് സംബന്ധിച്ച് ഡിജിപി ഇന്ന് നിയുക്ത ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. പുനഃസംഘടനയിലൂടെ ഒഴിവാകുന്ന സിഐമാരെ സൈബർ വിഭാഗത്തിലും POCSO അനുബന്ധ വിഭാഗങ്ങളിലുമാണ് നിയമിക്കാൻ ആലോചിക്കുന്നത്.
പുതിയ സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ ആഭ്യന്തരവകുപ്പിൽ നടപ്പാക്കുന്ന പ്രധാന പരിഷ്‌ക്കാരങ്ങളിൽ ഒന്നായിരിക്കും ഇതെന്നാണ് വിലയിരുത്തൽ. നിലവിലെ എസ്എച്ച്ഒ സംവിധാനം Pinarayi Vijayan സർക്കാരിന്റെ കാലത്താണ് നടപ്പാക്കിയത്. സംസ്ഥാനത്തെ 480 സ്റ്റേഷനുകളിലാണ് അന്ന് ഇൻസ്പെക്ടർമാരെ സ്റ്റേഷൻ ഹൗസ് ഓഫീസർമാരായി നിയമിച്ചിരുന്നത്.
അതേസമയം, ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂടുതൽ ശക്തി പകരാൻ പുതിയ പദ്ധതിയും നടപ്പാക്കാനാണ് ആലോചന. 100 ദിന പരിപാടിയുടെ ഭാഗമാക്കി 20 കർമ്മപദ്ധതികൾ നടപ്പാക്കാനുള്ള നിർദ്ദേശങ്ങളും ഡിജിപിയുടെ റിപ്പോർട്ടിലുണ്ട്.



