വേനൽമഴയുടെ പ്രളയം: ഉത്തർപ്രദേശിൽ മരണം 111 ആയി ഉയർന്നു; വ്യാപക നാശനഷ്ടം

ലക്നൗ: ഉത്തർപ്രദേശിൽ ശക്തമായ കാറ്റും മഴയും ഇടിമിന്നലും ഉൾപ്പെടെയുള്ള അതിതീവ്ര കാലാവസ്ഥയെ തുടർന്ന് ഉണ്ടായ ദുരന്തത്തിൽ മരണം 111 ആയി ഉയർന്നതായി റിപ്പോർട്ട്. 72 പേർക്ക് പരിക്കേറ്റതായും വിവിധ ജില്ലകളിൽ വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ചതായും അധികൃതർ അറിയിച്ചു.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ പ്രളയസമാന സാഹചര്യത്തിൽ 200-ലധികം വീടുകൾ തകർന്നതായും, മരങ്ങൾ കടപുഴകി വീണതും വൈദ്യുതി തൂണുകൾ തകർന്നതും വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചതായും റിപ്പോർട്ടുകളുണ്ട്. കന്നുകാലികളും വളർത്തുമൃഗങ്ങളും വലിയ തോതിൽ ചത്തൊടുങ്ങിയതായും അധികൃതർ വ്യക്തമാക്കി.
ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് പ്രയാഗ്‌രാജിലാണ്, 21 പേർ മരിച്ചതായി സ്ഥിരീകരിച്ചു. മിർസാപൂരിൽ 19 പേരും ജീവൻ നഷ്ടപ്പെട്ടു. ഫത്തേപൂർ, ബദായൂൻ, പ്രതാപ്ഗഡ്, ചന്ദൗലി, കുശിനഗർ, കാൺപൂർ ദേഹത്, സോൻഭദ്ര, ദോറിയ, ബറേലി തുടങ്ങിയ ജില്ലകളിലും മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കാറ്റിന്റെ ശക്തിയിൽ നിരവധി സ്ഥലങ്ങളിൽ മരങ്ങളും വൈദ്യുതി തൂണുകളും നിലംപൊത്തി. സിമന്റ് ഷെഡുകൾ തകർന്നും മതിലുകൾ ഇടിഞ്ഞുമാണ് പല മരണങ്ങളും സംഭവിച്ചതെന്ന് അധികൃതർ അറിയിച്ചു. കാൺപൂർ ദേഹത്, ദോറിയ എന്നിവിടങ്ങളിൽ ഇടിമിന്നലേറ്റ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.
ദുരിതബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം ഊർജിതമാക്കിയിരിക്കുകയാണ്. അടിയന്തര സഹായം വേഗത്തിൽ എത്തിക്കണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 4 ലക്ഷം രൂപ വീതം നൽകുമെന്നും അദ്ദേഹം അറിയിച്ചു.
മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.



