ലീഗ് പിന്തുണയും മുഖ്യമന്ത്രി ചർച്ചയും; വി.ഡി സതീശനെതിരെ കോൺഗ്രസിനകത്ത് മുന്നറിയിപ്പെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: മുസ്ലീം ലീഗിന്റെ രാഷ്ട്രീയ പിന്തുണയുടെ അടിസ്ഥാനത്തിൽ കോൺഗ്രസിനകത്ത് മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി നടക്കുന്ന ചർച്ചകൾ വിവാദമായി മാറുന്നു. ലീഗിന്റെ പിന്തുണയിൽ വി.ഡി സതീശൻ മുഖ്യമന്ത്രിയായാൽ അത് അദ്ദേഹത്തിന് തന്നെ തിരിച്ചടിയാകുമെന്ന് കോൺഗ്രസിലെ മുതിർന്ന വിഭാഗം മുന്നറിയിപ്പ് നൽകുന്നതായി റിപ്പോർട്ട്.
മുൻകാല രാഷ്ട്രീയ അനുഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഈ വിഭാഗം നിലപാട് ശക്തമാക്കുന്നത്. കെ. കരുണാകരൻ, എ.കെ ആന്റണി തുടങ്ങിയ നേതാക്കളുടെ കാലത്തെ സംഭവങ്ങൾ ഉദാഹരണമായി ചൂണ്ടിക്കാട്ടി ലീഗിന്റെ രാഷ്ട്രീയ ഇടപെടലുകൾ മുന്നണി രാഷ്ട്രീയത്തിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നുവെന്ന് ഇവർ പറയുന്നു.
2011-ലെ അഞ്ചാം മന്ത്രിസ്ഥാനം ഉൾപ്പെടെയുള്ള വിഷയങ്ങളും ചർച്ചയിലുണ്ട്. ലീഗ് ശക്തമായ സമ്മർദ്ദ രാഷ്ട്രീയം തുടരുകയാണെന്നും, അത് മുന്നണി ധാരണകൾക്ക് വിരുദ്ധമാണെന്നുമാണ് വിമർശകരുടെ അഭിപ്രായം.
എന്നാൽ നിലവിലെ സാഹചര്യത്തിൽ ലീഗിന്റെ പിന്തുണ ഇല്ലാതെയും കോൺഗ്രസിന് ഭൂരിപക്ഷം ഉണ്ടെന്ന വിലയിരുത്തലും ഉയരുന്നുണ്ട്. സ്വതന്ത്രരും മറ്റ് ഘടകകക്ഷികളും ചേർന്നാൽ സർക്കാർ രൂപീകരിക്കാനുള്ള സംഖ്യ കോൺഗ്രസിന് ഉണ്ടാകുമെന്ന് ഒരു വിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
ഇതോടെ ലീഗിന്റെ സമ്മർദ്ദ രാഷ്ട്രീയം മുൻകാലത്തേതുപോലെ ഫലപ്രദമാകില്ലെന്ന വിലയിരുത്തലും പാർട്ടിക്കുള്ളിൽ ശക്തമാകുകയാണ്.



