റിക്കി പണ്ഡിറ്റ് OSD നിയമനം വിവാദത്തിൽ; നിയമനത്തെ ചോദ്യം ചെയ്ത ഹർജി നാളെ മദ്രാസ് ഹൈക്കോടതിയിൽ പരിഗണിക്കും

ചെന്നൈ: നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ്യുടെ ജ്യോതിഷിയായിരുന്ന റിക്കി രാധൻ പണ്ഡിറ്റിനെ സർക്കാർ പദവിയിൽ നിയമിച്ചതിനെതിരായ ഹർജി മദ്രാസ് ഹൈക്കോടതി നാളെ പരിഗണിക്കും. മുഖ്യമന്ത്രിയുടെ ഓഫിസിൽ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസർ (OSD) ആയി നിയമനം നൽകിയതിനെ ചോദ്യം ചെയ്താണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
അതേസമയം, വിഷയത്തിൽ കടുത്ത വിമർശനവുമായി ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ രംഗത്തെത്തി. പ്രത്യയശാസ്ത്രപരമായ എതിരാളി എന്ന നിലയിൽ ബിജെപിയെ വിമർശിക്കുന്നവർ തന്നെ കുതിരക്കച്ചവടത്തിലൂടെ അവരുടെ എംഎൽഎമാരെ ചേർക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. എഐഎഡിഎംകെ എംഎൽഎമാരെ ആകർഷിക്കുന്ന നീക്കങ്ങൾ ചൂണ്ടിക്കാട്ടി, “ഇതാണോ മാറ്റം?” എന്ന് ഉദയനിധി ചോദിച്ചു.
“ഇത് മാറ്റമല്ല, എക്സ്ചേഞ്ചാണ്” എന്നായിരുന്നു അദ്ദേഹത്തിന്റെ രൂക്ഷമായ പ്രതികരണം. സോഷ്യൽ മീഡിയയിലും സർക്കാരിന്റെ നടപടികളെക്കുറിച്ച് ചർച്ചകൾ ഉയരുന്നുണ്ടെന്നും, സംശുദ്ധ ഭരണത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എഐഎഡിഎംകെ പിളർപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങളും ജ്യോതിഷി നിയമനവും ഒരുമിച്ച് ഉയർന്നതോടെ വിജയ് നേതൃത്വം നൽകുന്ന ടിവികെ പാർട്ടി നിയമസഭയ്ക്കുള്ളിലും പുറത്തും കടുത്ത പ്രതിരോധത്തിലാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.



